എയിംസ്; നടപടികൾ വേഗത്തിലാക്കി സർക്കാർ, കിനാലൂരിലെ ഭൂമി കൈമാറാൻ അനുമതി


ദില്ലി/ തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയ സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കി സംസ്ഥാനസർക്കാർ. ഭൂമി കൈമാറാൻ അനുമതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. കോഴിക്കോട് എയിംസിനായി കണ്ടെത്തിയ കിനാലൂരിലെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാനാണ് അനുമതി നൽകിയിരിക്കുന്നത്. വ്യവസായവകുപ്പിന്‍റെ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്.


കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധരന്‍ എം.പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിനാണ് കേരളത്തിൽ തത്വത്തിൽ എയിംസ് സ്ഥാപിക്കാൻ അനുമതിയായതായി കേന്ദ്രം രേഖാമൂലം അറിയിച്ചത്. കേരളത്തിനും ഇതുമായി ബന്ധപ്പെട്ടുള്ള കത്ത് കേന്ദ്രം കൈമാറിയിട്ടുണ്ട്. അനുകൂലമായ സ്ഥലങ്ങള്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ച് കേരളത്തിനും കേന്ദ്രം കത്ത് കൈമാറിയിട്ടുണ്ട്. ഇതുപ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിൽ കോഴിക്കോട്ടെ കിനാലൂരിലാണ് ഭൂമി കൈമാറാൻ അനുമതി നൽകിയിരിക്കുന്നത്.
കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയതായാണ് രേഖാമൂലം കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളം നാലു സ്ഥലങ്ങൾ എയിംസ് സ്ഥാപിക്കാനായി നിർദ്ദേശിച്ചിരുന്നു. ധനമന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയ ശേഷം എവിടെ സ്ഥാപിക്കണം എന്ന് തീരുമാനിക്കും.


എല്ലാം സംസ്ഥാനങ്ങളിലും ഒരു എയിംസ് എങ്കിലും വേണം എന്നത് സർക്കാരിന്‍റെ നയമാണെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ കെ മുരളീധരൻ എംപിയെ അറിയിച്ചു. കോഴിക്കോട്ടെ കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ നടപടി വേണമെന്ന് കെ മുരളീധരൻ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. കിനാലൂരിനൊപ്പം, തിരുവനന്തപുരത്തെ നെട്ടുകാൽത്തേരി, കോട്ടയം മെഡിക്കൽ കോളേജ്, കളമശ്ശേരി എച്ച്എംടി എന്നിവയും എയിംസ് സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ സംസ്ഥാനം ഉൾപ്പെടുത്തിയിരുന്നു. കിനാലൂരിൽ കെഎസ്ഐഡിസിയുടെ 150 ഏക്കറിനു പുറമെ 100 ഏക്കർ കൂടി ഏറ്റെടുത്തു നല്കാം എന്നാണ് കേരളത്തിന്‍റെ ശുപാർശ. അതാണിപ്പോൾ ഉത്തരവായി പുറത്തിറക്കിയിരിക്കുന്നത്.

സർക്കാർ ഉത്തരവ് ചുവടെ:1 / 4
2 / 4
3 / 4
4 / 4
1
2
3
4

Previous Post Next Post