കോഴിക്കോട് : മാവൂർറോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ ബലക്ഷയം സംബന്ധിച്ച് വിഗഗ്‌ധസമിതി ഈ മാസം അവസാനം അന്തിമറിപ്പോർട്ട് നൽകും. ടെർമിനലിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ഐ.ടി.യുടെ റിപ്പോർട്ട് പൂർണമായി വിദഗ്ധസമിതി തള്ളിയില്ലെന്നാണ് സൂചന. എങ്കിലും ഗുരുതരമായ സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
ബലപ്പെടുത്തേണ്ടിവന്നാൽ ടെർമിനലിൽനിന്ന് ബസ് സർവീസ് മാറ്റുന്നത് സംബന്ധിച്ച് മുന്നൊരുക്കങ്ങൾക്കായി ബുധനാഴ്ച ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗംചേർന്നു. ബലപ്പെടുത്തുന്നതിനിടയിൽത്തന്നെ കുറച്ച് സർവീസുകൾ ടെർമിനലിൽനിന്ന് നടത്താൻ കഴിയുമോ എന്ന കാര്യം പഠിക്കാനും നിർദേശിച്ചു.
കഴിഞ്ഞ സെപ്‌റ്റംബറിലാണ് ടെർമിനലിന് ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി. റിപ്പോർട്ട് നൽകിയത്. ഒക്ടോബറിൽ ഐ.ഐ.ടി. റിപ്പോർട്ട് പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചു. ബലക്ഷയം സംബന്ധിച്ച അവ്യക്തതകളാണ് വിദഗ്ധസമിതി റിപ്പോർട്ട് ഇത്രയും വൈകാൻ കാരണം.