ഫറോക്ക് : ഫറോക്ക് പഴയപാലത്തിന്റെ പൊട്ടിയ കമാനങ്ങൾ മാറ്റുന്നതുൾപ്പെടെയുള്ള പ്രവൃത്തി മേയ് ആദ്യവാരം തുടങ്ങും. പാലത്തിന്റെ നവീകരണത്തിനായി 91 ലക്ഷംരൂപയാണ് ടെൻഡർ ചെയ്തിരിക്കുന്നത്.
പൈതൃകം നിലനിർത്തിയുള്ള പ്രവൃത്തിയാണ് തുടങ്ങുക. തകർന്ന കമാനങ്ങൾ പൂർണമായും മാറ്റും. കൂടാതെ പാലത്തിന് ഉയർന്ന വാഹനങ്ങൾ കയറി ക്ഷതംവരാതിരിക്കാനായി പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി ഇരുമ്പിൽ തീർത്ത സുരക്ഷാകമാനങ്ങൾ സ്ഥാപിക്കും. പഴയ വെള്ളി പെയിൻറ് തന്നെയാവും പൂശുക. അലങ്കാരവിളക്കുകളും സ്ഥാപിക്കും.
237 മീറ്ററാണ് ഫറോക്ക് പഴയപാലത്തിന്റെ നീളം. 4.75 മീറ്ററാണ് പാലത്തിന്റെ വീതി. 3.60 മീറ്ററിലും ഉയരമുള്ള വാഹനങ്ങൾ പാലത്തിൽ കയറുന്നത് കർശനമായി വിലക്കിക്കൊണ്ട് പി.ഡബ്ല്യു.ഡി. പാലത്തിന്റെ ഇരുവശങ്ങളിലും സൂചകബോർഡുകൾ സ്ഥാപിച്ചെങ്കിലും ഉയരംകൂടിയ വാഹനങ്ങൾ സൂചകബോർഡുകൾ അവഗണിച്ചും കയറുന്നതാണ് സുരക്ഷാകമാനങ്ങൾ തകരുന്നതിന് പ്രധാനകാരണം.
ചെറുവണ്ണൂർ ഫറോക്ക് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ബ്രിട്ടീഷുകാരാണ് ഫറോക്ക് പാലം നിർമിച്ചത്. 1888 ജനുവരി രണ്ടിന് പാലം യാത്രയ്ക്കും റെയിൽഗതാഗതത്തിനും തുറന്നുനൽകി. 1929-ൽ ഫറോക്ക് റെയിൽവേ പാലം വരുന്നതുവരെ ഈ പാലം തീവണ്ടിഗതാഗതത്തിനും ഉപയോഗിച്ചിരുന്നു.1861-ലാണ് ചാലിയത്ത് ആദ്യ റെയിൽവേ പാളം വരുന്നത്. ചാലിയത്തുനിന്ന് കോഴിക്കോടുവരെ റെയിൽവേ പാളം നീട്ടണമെന്ന കോഴിക്കോട് പൗരാവലിയുടെ ആവശ്യം ബ്രീട്ടീഷ് ഗവൺമെന്റ് പരിഗണിക്കുകയായിരുന്നു.