വടകര: തൊഴിലുറപ്പ് പദ്ധതിപ്രകാരം ജില്ലയിൽ 2021-22 സാമ്പത്തികവർഷത്തിൽ ചെലവഴിച്ചത് 551.04 കോടിരൂപ. മുൻവർഷത്തേക്കാൾ നൂറുകോടിയോളംരൂപ കൂടുതലാണിത്. ഇതിന്റെ 60 ശതമാനവും വേതനമായി തൊഴിലാളികളുടെ അക്കൗണ്ടിലേക്കാണ് പോയത്. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും വാർഷികപദ്ധതിവിഹിതത്തെക്കാൾ കൂടുതലാണ് തൊഴിലുറപ്പ് പദ്ധതിവിഹിതമെന്ന പ്രത്യേകതയുമുണ്ട്.
തൊഴിൽദിനങ്ങൾ, 100 തൊഴിൽദിനം പൂർത്തിയാക്കിയവർ എന്നിവയുടെ എണ്ണത്തിലും റെക്കോഡ് നേട്ടമാണ് ഇത്തവണ ജില്ല കൈവരിച്ചത്. മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം 2021-22 വർഷത്തിൽ സൃഷ്ടിക്കപ്പെട്ടത് 1.11 കോടി തൊഴിൽദിനങ്ങളാണ്. തുടർച്ചയായ രണ്ടാംവർഷമാണ് ജില്ലയിൽ തൊഴിൽദിനങ്ങൾ ഒരുകോടി കടക്കുന്നത്. ഇത്തവണ 60,516 കുടുംബങ്ങൾ നൂറു തൊഴിൽദിനം പൂർത്തിയാക്കി. ഇതും റെക്കോഡാണ്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും ആകെ ചെലവഴിച്ച തുക മുൻവർഷത്തേക്കാൾ അധികമാണ്.
മുന്നിൽ തൊഴിലുറപ്പ് വിഹിതം
12 ബ്ലോക്ക് പഞ്ചായത്തുകളിൽ വടകര ഒഴികെയുള്ള എല്ലാ ബ്ലോക്കിലും പദ്ധതിവിഹിതത്തേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് തൊഴിലുറപ്പ് പദ്ധതിയിലാണ്. ഗ്രാമപ്പഞ്ചായത്തുകളിലും ഇതാണ് സ്ഥിതി. 70 ഗ്രാമപ്പഞ്ചായത്തുകളിൽ 61 ഇടത്തും പദ്ധതിവിഹിതത്തേക്കാൾ തുക ചെലവഴിക്കാൻ തൊഴിലുറപ്പ് പദ്ധതിക്കായി.
പേരാമ്പ്ര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ തുക തൊഴിലുറപ്പ് പദ്ധതിക്കായി ചെലവഴിച്ചത്- 89.54 കോടിരൂപ. ഇതിൽ 57.52 കോടിരൂപ കൂലിയിനത്തിലാണ് നൽകിയത്.
- ബാലുശ്ശേരിയിൽ 78.27 കോടിരൂപയും
- കുന്നുമ്മൽ ബ്ലോക്കിൽ 75.38 കോടിയും
- കുന്നമംഗലത്ത് 60.87 കോടിയും
- തോടന്നൂരിൽ 30.81 കോടിയും
- തൂണേരിയിൽ 52.37 കോടിയും
- കൊടുവള്ളിയിൽ 46.23 കോടിയും
- പന്തലായനിയിൽ 31.59 കോടിയും
- ചേളന്നൂരിൽ 32.74 കോടിയും
- കോഴിക്കോട് 5.49 കോടിയും
- വടകര ബ്ലോക്കിൽ 11.91 കോടിയും
- മേലടിയിൽ 27.56 കോടിയും ചെലവഴിച്ചു.