പുതിയപാലത്ത് വലിയപാലം നാളെ അറിയാം

പുതിയ പാലത്തെ വലിയ പാലത്തിന്റെ മാതൃക

കോഴിക്കോട്: പുതിയപാലത്തെ സ്വപ്ന പദ്ധതിയായ വലിയ പാലം നിർമാണം എന്നുതുടങ്ങാനാവുമെന്ന് നാളെ ടെൻഡർ തുറക്കുന്നതോടെ അറിയാം. നടപടികൾ പൂർത്തിയായാൽ രണ്ട് മാസത്തിനകം നിർമ്മാണം ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കേരള റോഡ് ഫണ്ട് ബോർഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

പാലം നിർമ്മാണത്തിന് വേണ്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. പുതിയപാലം മുതൽ മിനി ബൈപ്പാസ് വരെയുള്ള റോഡിനായി അഞ്ച് പേരുടെ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്.


വീടും കെട്ടിടവും ഇല്ലാത്ത നാല് സ്ഥലങ്ങൾ ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഏറ്റെടുക്കാനുള്ള നടപടിയായിട്ടുണ്ട്. വീടുള്ള ഒരാളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ലാൻഡ് അക്വസിഷൻ നടപടിയ്ക്ക് മുമ്പേ മന്ത്രിയും പ്രദേശത്തെ എം.എൽ.എയുമായ അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ അവസാനഘട്ട ചർച്ച നടത്തും. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു കഴിഞ്ഞു. പാലത്തിനായി ഭൂമി വിട്ടുകൊടുത്തവർക്കും കച്ചവടക്കാർക്കുമുള്ള നഷ്ടപരിഹാരവും നൽകി. 15.37 കോടിയാണ് ചെലവ് കണക്കാക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതുൾപ്പടെ 40.97 കോടിയുടെതാണ് പദ്ധതി. ഒന്നര വർഷത്തിനകം പാലം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജനുവരിയിലാണ് പദ്ധതിയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചത്.
പ്രതീക്ഷയോടെ നാട്ടുകാർ

നാലു പതിറ്റാണ്ട് പഴക്കമുള്ള വലിയ പാലമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നതിന്റെ ആവേശത്തിലാണ് നാട്ടുകാർ. കനോലി കനാലിന് കുറുകെ പുതിയപാലത്ത് 1942ലാണ് ചെറിയ പാലം നിർമ്മിച്ചത്. 2007ൽ വലിയ പാലമെന്ന ആവശ്യമുയർത്തി പ്രദേശവാസികൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് രംഗത്തിറങ്ങി. തുടർന്ന് 2012ൽ പാലം പണിയാൻ 40 കോടി അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപനം വന്നെങ്കിലും നടപ്പായില്ല. 2016ൽ 50 കോടി അനുവദിച്ചെങ്കിലും തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതോടെ പദ്ധതി മുന്നോട്ട് പോയില്ല.


വിള്ളലുകൾ വീണ് പാലം അപകടാവസ്ഥയിലായതോടെ 2017ൽ ഇതിലൂടെയുള്ള ഗതാഗതം വിലക്കിയിരുന്നു. പാലം നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ പുതിയപാലത്തിന് പൊളിഞ്ഞപാലം എന്നു പേരും നൽകി.

പാലം പൂർത്തിയായാൽ മിനി ബൈപ്പാസിൽ നിന്ന് റെയിൽവേ സ്‌റ്റേഷൻ, തളി, കല്ലായി റോഡ് ഭാഗങ്ങളിലേക്കുള്ള എളുപ്പമാർഗമാവും.
പ്രത്യേകത
  • 125 മീറ്റർ നീളം
  • 11.05 മീറ്റർ വീതി
  • ആർച്ച് മാതൃക
Previous Post Next Post