സംഘർഷം വ്യപിക്കാൻ സാധ്യതയെന്ന് വിവരം; കൂടുതൽ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ശ്രീനിവാസൻ വെട്ടേറ്റ് മരിച്ച സ്ഥലം


  • പാലക്കാട്ടെ തുടർകൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി.

പാലക്കാട്: പാലക്കാട്ടെ തുടർകൊലപാതകങ്ങൾക്ക് പിന്നാലെ വടക്കൻ ജില്ലകൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി ഡി.ജി.പി. സംഘർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് മറ്റ് ജില്ലകൾക്കും പോലീസിനും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി നടപ്പിലാക്കണം എന്നത് സംബന്ധിച്ചുള്ള തീരുമാനം എടുത്തിട്ടുണ്ട്.


നേരത്തെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം നടന്നിട്ടുള്ള ആലപ്പുഴ ജില്ലയിലും മലബാർ മേഖലയിലും പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ പാലക്കാട്ടേക്ക് പോകും. വൈകുന്നേരത്തോടെ അദ്ദേഹം പാലക്കാട്ടേക്ക് എത്തും. അവിടെ ക്യാമ്പ് ചെയ്തായിരിക്കും അന്വേഷണം നടത്തുക.
പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എസ്.ഡി.പി.ഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ തിരിച്ചടിയുണ്ടാകുമെന്ന് പോലീസ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് തടയാൻ സാധിക്കാതെപോയത് പോലീസിന് നാണക്കേടായിരുന്നു. പോലീസ് സ്റ്റേഷന് സമീപത്തുതന്നെയാണ് രണ്ടാമത്തെ കൊലപാതകവും നടന്നിരിക്കുന്നത്. ഇതോടെ മറ്റ് ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങളും ഇതേത്തുടർന്ന് അക്രമങ്ങളും നടന്നേക്കാമെന്ന് കണക്കുകൂട്ടലിലാണ് മറ്റ് ജില്ലകളിലും സജ്ജരായിരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.


മേലാമുറിയില്‍ ദീര്‍ഘനാളായി വാഹന കച്ചവടം നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ശ്രീനിവാസന്‍. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.
Previous Post Next Post