കരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പള്ളിക്കൽ വില്ലേജ് പരിധിയിൽ റൺവേയുടെ പടിഞ്ഞാറു ഭാഗത്താണു പരിശോധിച്ചത്. റൺവേയോടു ചേർന്ന സുരക്ഷാ മേഖലയായ റിസ വികസിപ്പിക്കുന്നതിന് 11 ഏക്കർ സ്ഥലമാണ് ഇവിടെ ഏറ്റെടുക്കാൻ നിർദേശമുള്ളത്. പഞ്ചായത്ത് ജനപ്രതിനിധികളും റവന്യു, എയർപോർട്ട് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണു സ്ഥലത്തെത്തിയത്.
കുമ്മിണിപ്പറമ്പ്-കൊണ്ടാട്ടി റോഡും ഈ ഭാഗത്തുള്ള പള്ളിയും ഒഴിവാക്കി മാത്രമേ വികസനം നടത്താനാകൂ എന്നു പ്രദേശവാസികൾ സംഘത്തെ അറിയിച്ചു. ഇതുപ്രകാരം എത്ര സ്ഥലം ലഭ്യമാകുമെന്നും ഇത് എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്നും ടെക്നിക്കൽ കമ്മിറ്റി പരിശോധിക്കും. ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചു പരിശോധന നടത്തും. റോഡിന്റെ ഇരുഭാഗവും എത്ര വീടുകളും വാടകമുറികളും കടകകളും ഉണ്ടെന്നു നിശ്ചയിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദാലി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.അബ്ദുറഹിമാൻ, പള്ളിക്കൽ പഞ്ചായത്ത് അംഗങ്ങളായ ജമാൽ കരിപ്പൂർ, നസീറ കണ്ണനാരി, പഴേരി സുഹുറ, കെ.ആരിഫ, ലാൻഡ് അക്വിസിഷൻ ഡപ്യൂട്ടി കലക്ടർ ജയ ജോസ് രാജ്, സർവേയർമാരായ ബേബി, റിയാസ്, എയർപോർട്ട് ലാൻഡ് അസിസ്റ്റന്റ് മാനേജർ നാരായണൻ, വില്ലേജ് ഓഫിസർ ഷൈജു, അസിസ്റ്റന്റ് വിനോദ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.