അപകട നിരക്ക് കുറച്ചില്ലെങ്കിൽ സ്ഥാനക്കയറ്റം ‘അപകടത്തിൽ’


തിരുവനന്തപുരം: സ്വന്തം അധികാര പരിധിയിൽ റോഡ് അപകട നിരക്ക് നാലിലൊന്നായെങ്കിലും കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ‘അപകടം’. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സർവീസ് രേഖകളിൽ ഇതു ‘ഡി ഗ്രേഡ്’ ആയി രേഖപ്പെടുത്തും. സ്ഥാനക്കയറ്റത്തെയും അതു ബാധിക്കും. വകുപ്പിലെ എല്ലാ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും റോഡ് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇതു ബാധകമായിരിക്കുമെന്നും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ ഉത്തരവിൽ പറയുന്നു.

Read also

സംസ്ഥാനത്തെ എല്ലാ റോഡുകളും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും റോ‍ഡ് സുരക്ഷാ ഉദ്യോഗസ്ഥർക്കും ബ്ലാക്ക് സ്പോട്ട് (അപകട മേഖല) അടിസ്ഥാനമാക്കി വീതിച്ചു നൽകിയിട്ടുണ്ട്. ആ അധികാര പരിധിയിലെ സ്ഥലത്തുള്ള അപകടമരണ നിരക്കാണു കുറച്ചു കൊണ്ടുവരേണ്ടത്. 25% എങ്കിലും കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഫിഡൻഷ്യൻ റെക്കോർഡുകളിൽ അഡ്വേഴ്സ് എൻട്രി ഡി ഗ്രേഡ് ചെയ്തു രേഖപ്പെടുത്തണമെന്നാണു കർശന നിർദേശം. എഎംവിഐ, എംവിഐ, ജോയിന്റ് ആർടിഒ, ആർടിഒ തുടങ്ങി എല്ലാ ഫീൽഡ് ഉദ്യോഗസ്ഥർക്കും ഇത് ബാധകമാണ്.


കേരളത്തിലെ വാഹനാപകട നിരക്ക് ആശങ്കപ്പെടുത്തും വിധം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. റോഡ് അപകട, അപകടമരണ നിരക്ക് ഈ വർഷം അവസാനമാകുമ്പോഴേക്കും 25% എങ്കിലും കുറയ്ക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നു സുപ്രീം കോടതിയുടെ റോഡ് സേഫ്റ്റി ചെയർമാൻ സംസ്ഥാന ഗതാഗത വകുപ്പിനു നിർദേശം നൽകിയിരുന്നു. എടുത്ത നടപടികൾ അറിയിക്കാൻ ചീഫ് സെക്രട്ടറിയോടും നിർദേശിച്ചു.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കണക്കു പ്രകാരം 2018ൽ വാഹനാപകട നിരക്കിൽ രാജ്യത്ത് 5–ാം സ്ഥാനത്തായിരുന്ന കേരളം 2019 ൽ നാലാമതായി. നിയമലംഘനത്തിനെതിരെ നടപടികൾ കർശനമാക്കാനാണു സംസ്ഥാന ഗതാഗത വകുപ്പിന്റെ തീരുമാനം. അമിത വേഗം, ഹെൽമറ്റ് ധരിക്കാതിരിക്കൽ, സീറ്റ് ബെൽറ്റ് ഇടാതിരിക്കൽ എന്നിവയ്ക്കു കേസെടുത്തു പിഴ ചുമത്തി ജില്ല തിരിച്ചു കണക്കു നൽകാൻ ഡിജിപിക്കും നിർദേശം നൽകിയിട്ടുണ്ട്.


ബ്ലാക്ക് സ്പോട്ടിൽ കുഴി; കരാറുകാരനു വിലക്ക്

അപകട മേഖല (ബ്ലാക്ക് സ്പോട്ട്) ആയി അടയാളപ്പെടുത്തിയ പ്രദേശങ്ങളിൽ റോഡിൽ കുഴികൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട കരാറുകാർക്ക് കുറഞ്ഞത് ഒരു വർഷം വിലക്കു കൊണ്ടുവരാൻ മരാമത്ത് വകുപ്പിനു നിർദേശം. സുപ്രീം കോടതി റോഡ് സേഫ്റ്റി ചെയർമാന്റെ കർശന നിർദേശപ്രകാരമാണ് ഈ നടപടി.

സംസ്ഥാനത്ത് ആകെ 248 ബ്ലാക്ക് സ്പോട്ടാണുള്ളത്. അതിൽ 172 എണ്ണം മരാമത്ത് വകുപ്പും ബാക്കി മോട്ടർവാഹന, പൊലീസ് വകുപ്പുകളും കണക്കാക്കിയതാണ്. കൂടുതൽ അപകട മേഖലകൾ കണ്ടെത്താൻ സർവേ നടക്കുകയാണ്.
Previous Post Next Post