തുടർച്ചയായി 2 ദിവസം സ്വിഫ്റ്റ് ബസുകൾ തൂണുകൾക്കിടയിൽ കുടുങ്ങി; ബലപ്പെടുത്തൽ കഴിയുമ്പോൾ എന്താകും..?


കോഴിക്കോട്∙ തുടർച്ചയായി 2 ദിവസം സ്വിഫ്റ്റ് ബസുകൾ തൂണുകൾക്കിടയിൽ കുടുങ്ങിയതോടെ കെഎസ്ആർടിസി ടെർമിനലിന്റെ ബലപ്പെടുത്തൽ നടപടികളെ കുറിച്ചും ആശങ്ക ഉയരുന്നു. തൂണുകൾക്ക് ചുറ്റും സ്റ്റീൽ പ്ലേറ്റുകൾ ഘടിപ്പിച്ച് കോൺക്രീറ്റ് ഇട്ട് കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ് ഐഐടിയുടെ ശുപാർശ. ഈ ജോലികൾ പൂർത്തിയാക്കുന്നതോടെ നിലവിലുള്ള തൂണുകൾക്ക് വണ്ണം കൂടുമോ എന്ന ആശങ്ക ചിലർ ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ തന്നെ, തൂണുകൾക്കിടയിൽ ബസുകൾ കുടുങ്ങുന്ന സ്ഥിതി ആണെങ്കിൽ, ബലപ്പെടുത്തൽ കഴിയുമ്പോൾ എന്താകും എന്ന ആശങ്കയാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.
എന്നാൽ, ബലപ്പെടുത്തൽ നിർദേശിച്ചിരിക്കുന്നത് ഏറ്റവും താഴത്തെ നിലയിലെ തൂണുകൾക്കാണെന്നും ഇത് ബസ് പാർക്കിങ്ങിനെ ബാധിക്കില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓരോ നിലയിലും തൂണുകൾ സ്റ്റീൽ പ്ലേറ്റുകൾ കൊണ്ട് പൊതിയേണ്ടി വരുമെന്ന് അവരും സമ്മതിക്കുന്നുണ്ട്. ഇങ്ങനെ പൊതിയുന്ന സ്റ്റീൽ പ്ലേറ്റിന് കൂടുതൽ കട്ടി ഉണ്ടാകില്ലെന്നും വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദിവസം കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തേക്ക് എടുക്കാനായി തൂണുകൾക്ക് ചുറ്റും ഘടിപ്പിച്ചിരുന്ന പൈപ്പ് മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. 15 മണിക്കൂർ കഴിഞ്ഞാണ് ബസ് പുറത്തെത്തിച്ചത്. തൂണിനും ബസിനും ഇടയിൽ തീരെ സ്ഥലമില്ല എന്നതാണ് പ്രശ്നം.

ഇന്നലെയും ബസ് തൂണിൽ ഇടിച്ച് വശത്തെ ഗ്ലാസ് പൊട്ടി. സ്റ്റീൽ പ്ലേറ്റ് കൊണ്ട് പൊതിയുമ്പോൾ ഇപ്പോഴത്തെ പ്രശ്നം രൂക്ഷമാവുമോ എന്ന സംശയം ഉന്നയിക്കുന്നു. വ്യാപാര സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കാൻ 60% തൂണുകളും ബലപ്പെടുത്തേണ്ടി വരുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ഇതിനായി 20 കോടി രൂപയെങ്കിലും ചെലവഴിക്കേണ്ടി വരുമെന്നാണ് കെടിഡിഎഫ്സിയുടെ പ്രാഥമിക നിരീക്ഷണം. ചെലവ് എത്രയാകും എന്ന് വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഐഐടിയോടു തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ് കെടിഡിഎഫ്സി. 15 ദിവസത്തിനുള്ളിൽ ഈ റിപ്പോർട്ട് ലഭിച്ചേക്കും.


അതിനു ശേഷം കെട്ടിടം ബലപ്പെടുത്തൽ നടപടികൾ തുടങ്ങാനാണ് ധാരണ. 6 മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കി കെട്ടിടം ആലിഫ് ബിൽഡേഴ്സിന് കൈമാറണം. കെട്ടിടത്തിലെ പണികൾ തുടങ്ങിയാൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് താൽക്കാലികമായി മാറ്റേണ്ടി വരും. പാവങ്ങാട് നിന്ന് സർവീസ് നടത്തേണ്ടി വരുമ്പോൾ കെഎസ്ആർടിസിക്ക് നഷ്ടം വരുമെന്നും ഇതു പരിഹരിക്കാൻ 3 കോടി രൂപ കെടിഡിഎഫ്സി നൽകണമെന്നുമാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഇതിനോട് കെടിഡിഎഫ്സി അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Previous Post Next Post