താമരശേരിയിൽ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ ശേഷം വിട്ടയച്ചു; പരാതിയില്ലെന്ന് യുവാവ്



താമരശേരി:ചുരത്തില്‍ വെച്ച് സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ തിരിച്ചെത്തിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ യാസിറിനെയാണ് ശനിയാഴ്ച അര്‍ദ്ധരാത്രി താമരശേരി ചുരത്തില്‍ വെച്ച് കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്ത് നിന്നെത്തിയ യാസിര്‍ വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു. താമരശ്ശേരി ചുരത്തിലെ രണ്ടാം വളവില്‍ വച്ച് ഇയാള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഒരു സംഘം ആക്രമിക്കുകയും യാസിറിനെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. കാറ് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോകുന്നതിന് ദൃക്‌സാക്ഷിയായ ലോറി ഡ്രൈവര്‍മാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സാധാരണ തട്ടിക്കൊണ്ടു പോകാല്‍ മാത്രമാണെന്നായിരുന്നു ആദ്യ നിഗമനം.
താമരശ്ശേരി പൊലീസിന്റ അന്വേഷണത്തിലാണ് കുന്ദമംഗലം സ്വദേശിയായ യാസിറാണ് കാറിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ സംഭവത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാസിര്‍ വീട്ടിലേക്ക് പോകാതെയാണ് വയനാട്ടിലേക്ക് യാത്ര ചെയ്തതെന്നാണ് ദുരൂഹതയുണ്ടാക്കിയത്. ഈ യാത്രക്കിടെയാണ് ഈ സംഭവങ്ങളെല്ലാമുണ്ടായത്. 

ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ പങ്കിനെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. കൊടുത്തുവിട്ട ആളുകള്‍ തന്നെ പിന്തുടര്‍ന്നെത്തി സ്വര്‍ണ്ണം തിരിച്ചെടുക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യാസിറിനെ താമരശേരി പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ ആളുമാറി തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്ലെന്നുമാണ് യാസിര്‍ പറയുന്നത്. അതിനാല്‍ നിലവില്‍ പൊലീസ് കേസ് എടുത്തിട്ടില്ല. ഇയാളെ വീണ്ടും ചോദ്യം ചെയ്‌തേക്കും.
Previous Post Next Post