
ന്യൂഡൽഹി:തീരദേശ വികസനത്തിനുള്ള സാഗർമാല പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 6 ഫ്ലോട്ടിങ് ജെട്ടികൾ വരുന്നു. തൃശൂരിലെ ചേറ്റുവ, കോഴിക്കോട് ജില്ലയിലെ ചാലിയം, കൊയിലാണ്ടി, വെള്ളയിൽ, മലപ്പുറം ജില്ലയിലെ താനൂർ, പൊന്നാനി എന്നിവിടങ്ങളിലാണിവ.
രാജ്യത്താകെ 250 ഫ്ലോട്ടിങ് ജെട്ടികളാണു നിർമിക്കുന്നതെന്നു സാഗർമാല പദ്ധതിയുടെ എപെക്സ് കമ്മിറ്റിയുടെ യോഗത്തിനു ശേഷം കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ആദ്യഘട്ടത്തിലുള്ള 50 ജെട്ടികളിലാണ് കേരളത്തിലെ ആറെണ്ണം ഉൾപ്പെടുന്നത്. സംസ്ഥാനം 6 മാസത്തിനകം റിപ്പോർട്ട് നൽകുന്നതനുസരിച്ചാകും തുടർനടപടികൾ.
സുരക്ഷിതമായി ബോട്ടിൽ കയറാനും ഇറങ്ങാനും ഫ്ലോട്ടിങ് ജെട്ടി സഹായിക്കും. ഫെറോസിമന്റ് കൊണ്ടാണ് ഇവ നിർമിക്കുന്നത്. കൊച്ചിയടക്കം മേജർ തുറമുഖങ്ങളിലൂടെയുള്ള ചരക്കു നീക്കത്തിൽ വൻ വളർച്ചയുണ്ടെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ 9.68% വളർച്ചയുണ്ടായി. 33 ഫിഷിങ് ഹാർബറുകൾ ഉൾപ്പെടെ 168 പദ്ധതികൾ സാഗർമാലയിൽ പുതുതായി ഉൾപ്പെടുത്തി. കേരളത്തിലേതുൾപ്പെടെ രാജ്യത്തെ 75 തീരദേശ ജില്ലകളുടെ വികസനത്തിന് 58,700 കോടി രൂപ ചെലവഴിക്കും. നിലവിൽ 5.5 ലക്ഷം കോടി രൂപയുടെ 802 പദ്ധതികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. എല്ലാം 2035 ന് അകം പൂർത്തീകരിക്കും. കേരളത്തിൽനിന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ യോഗത്തിൽ പങ്കെടുത്തു.
കേരളം അവതരിപ്പിച്ച പദ്ധതികൾ
- ബേപ്പൂർ: ക്യാപിറ്റൽ ഡ്രജിങ് 3.5 മീറ്ററിൽനിന്നു 6 മീറ്ററാക്കാൻ 70 കോടി രൂപയുടെ പദ്ധതി. ഡിപിആർ തയാർ. തുറമുഖ റോഡിന് 261 കോടിയുടെയും റെയിൽ കണക്‌ടിവിറ്റിക്കു 155 കോടിയുടെയും പദ്ധതി. തുറമുഖ ബെർത്ത് നിർമാണത്തിനു 36 കോടിയുടെ പദ്ധതി. ഡിപിആർ തയാർ.
- കൊല്ലം: ക്യാപിറ്റൽ ഡ്രജിങ് 7.2 മീറ്ററിൽനിന്ന് 9– 12 മീറ്ററാക്കാൻ 111 കോടിയുടെ പദ്ധതി. ഡിപിആർ തയാർ. കപ്പൽ അറ്റകുറ്റപ്പണി യൂണിറ്റിനു ഫ്ലോട്ടിങ് ഡ്രൈ ഡോക്ക്.
- ആലപ്പുഴ: ബീച്ചിൽ 500 കോടിയുടെ മറീന ടൂറിസം പദ്ധതി.