റിഫയുടെ മൃതദേഹം മെഡി.കോളേജിലെത്തിച്ചു; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് തന്നെ മറവുചെയ്യും,

പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുന്നു

കോഴിക്കോട്: ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സബ് കളക്ടര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍നിന്ന് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തുണ്ടായിരുന്നു.

പള്ളി പരിസരത്തുവെച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള പ്രത്യേക സൗകര്യങ്ങള്‍ അധികൃതര്‍ നേരത്തെ ഒരുക്കിയിരുന്നു. എന്നാല്‍ മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. ഇതോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ച തന്നെ മൃതദേഹം മറവുചെയ്യും.


പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷയെന്ന് റിഫയുടെ കുടുംബം പ്രതികരിച്ചു. മൃതദേഹം പുറത്തെടുക്കുന്നതറിഞ്ഞ് ഒട്ടേറെനാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.

മാര്‍ച്ച് ഒന്നാം തീയതിയാണ് വ്ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതകള്‍ നിലനിന്നിരുന്നു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. പിന്നീട് മൃതദേഹം ദുബായില്‍നിന്ന് നാട്ടിലെത്തിച്ചപ്പോള്‍ അവിടെവെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ റിഫയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
റിഫയുടെ മരണത്തില്‍ വ്‌ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

ജനുവരിമാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരില്‍നിന്നും വിദേശത്ത് എത്തിയത്. ദുബായിലെ കരാമയില്‍ പര്‍ദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.

മരണത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റിഫ മെഹ്നുവിന്റെ പിതാവ് കാക്കൂര്‍ പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് റൂറല്‍ എസ്.പി. എ. ശ്രീനിവാസന് പരാതി നല്‍കിയിരുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

മൂന്നുവര്‍ഷംമുമ്പ് ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതില്‍ റിഫ സജീവവുമായിരുന്നു. മെഹ്നാസ് നിലവില്‍ നാട്ടിലാണുള്ളത്.
Previous Post Next Post