പത്ത് ലക്ഷം വില വരുന്ന മയക്കുമരുന്ന് കാറിൽ വച്ച് വിൽപ്പന, കോഴിക്കോട് രണ്ട് പേർ പിടിയിൽ


കോഴിക്കോട്: അതിമാരക മയക്കുമരുന്നിനത്തിൽപ്പെട്ട എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ. മെഡിക്കൽ കോളേജ് സ്വദേശിയായ തയ്യിൽ വീട്ടിൽ ഫാസിൽ (27) ചെലവൂർ സ്വദേശി പൂവത്തൊടികയിൽ ആദർശ് സജീവൻ (23) എന്നിവരാണ് എംഡിഎംഎ എന്ന പേരിലറിയപ്പെടുന്ന മെത്ഥലീൻ ഡയോക്സി മെത്ത് അംഫിറ്റമിനുമായി പിടിയിലായത്.

കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മന്റെ നേതൃത്വത്തിലുളള സിറ്റി ക്രൈം സ്ക്വാഡും ആൻ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സക്വാഡും സബ് ഇൻസ്പെക്ടർ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഈസ്റ്റ്ഹിൽ കെ.ടി. നാരായണൻ റോഡിൽ വെച്ച് 24-05-22 (ചൊവ്വ)പുലർച്ചെ കാറിൽ സംശയാസ്പദമായ സഹചര്യത്തിൽ കാണപ്പെട്ട യുവാക്കളെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളിൽ നിന്ന് 36 ഗ്രാം എംഡിഎംഎയും അളന്ന് വിൽപന നടത്തുന്നതിനായി ഉപയോഗിക്കുന്ന പോക്കറ്റ് ത്രാസും പായ്ക്ക് ചെയ്യുന്ന ചെറിയ കവറുകളും കാറും പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്നും എത്തിച്ച സിന്തറ്റിക് മയക്കുമരുന്ന് ആവശ്യക്കാർക്ക് കൈമാറുവാൻ സിറ്റിയിൽ എത്തിയപ്പോഴാണ് പ്രതികൾ പൊലീസിൻ്റെ പിടിയിലായത്.

പിടിയിലായ മയക്കുമരുന്നിന് പത്ത് ലക്ഷത്തിലധികം വില വരും. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും, ഇടപാടുകാരെകുറിച്ചും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന മൊട്ടുക്കും നടന്നു വരുന്ന പ്രത്യേക ആൻ്റി നർകോട്ടിക് ഡ്രൈവ് ഓപ്പറേഷൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.


സിന്തറ്റിക് ഡ്രഗുകൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ആൻറിനാർക്കോട്ടിക് എസിപി. ഇമ്മാനുവൽ പോൾ അറിയിച്ചു. പിടിയിലായ ഫാസിലിന്റെ പേരിൽ സമാനമായ കേസ് വയനാട്ടിൽ നിലവിലുണ്ട്. ഡാൻസാഫ്- ക്രൈംസ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ , എ.പ്രശാന്ത്കുമാർ, ഷാഫിപറമ്പത്ത്, നടക്കാവ് എസ്ഐ ബാബു പുതുശ്ശേരി, എസ്.സി.പി.ഒ അനീഷ്കുമാർ, ഡ്രൈവർ അനൂപ്, കെ.എച്ച്.ജി. സുരേന്ദ്രൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്
Previous Post Next Post