വൈദ്യുതി ലൈനുകളിൽ ചാഞ്ഞ മരക്കൊമ്പുകൾ നീക്കണം; കർശന നിർദ്ദേശവുമായി കെഎസ്ഇബി


  ജൂലൈ 31 വരെ അയച്ചു കിട്ടുന്ന കഴമ്പുള്ള ചിത്രങ്ങളിൽ / വിവരങ്ങളിൽ ഏറ്റവും പ്രയോജനകരമായ 10 ചിത്രങ്ങൾക്ക് / വിവരങ്ങൾക്ക് കെ എസ് ഇ ബി ഉചിതമായ പാരിതോഷികങ്ങളും നൽകുന്നതാണ് .

തിരുവനന്തപുരം:ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി കെഎസ്ഇബി. ഇടവപ്പാതിക്ക് മുമ്പായി വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ ട്രാൻസ്ഫോർമറുകൾ തുടങ്ങിയവയിലേക്ക് ചാഞ്ഞ മരച്ചില്ലകൾ നീക്കണം. ജൂൺ 1 ന് ശേഷവും ഇത് മാറ്റിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.

നിർദ്ദേശത്തിൽ വീഴ്ച പറ്റിയാൽ ബന്ധപ്പെട്ട സർക്കിൾ, ഡിവിഷൻ, സബ് ഡിവിഷൻ, സെക്ഷൻ ഓഫീസർമാരെ ഉത്തരവാദികളായി കണക്കാക്കും. തുടർന്ന് പ്രസ്തുത തടസ്സം ഒഴിവാക്കുന്നതിനായി കമ്പനി ചെലവിടുന്ന തുക മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരിൽ നിന്നും തുല്യ തോതിൽ ഈടാക്കുകയും ചെയ്യും.
2022 ജൂൺ 1-ന് ശേഷം ഇപ്രകാരം കാണപ്പെടുന്ന ചെടിപ്പടർപ്പുകൾ, മരച്ചില്ലകൾ, വൈദ്യുതി തടസ്സം ഉണ്ടാക്കാൻ സാധ്യതയുള്ള മറ്റു നിർമ്മിതികൾ എന്നിവയുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് എടുക്കാവുന്നതും ഉത്തരവാദപ്പെട്ട സെക്ഷന്റെയും അയക്കുന്ന ആളിന്റെയും വിശദാംശത്തോടുകൂടി 9496001912 എന്ന വാട്സാപ്പ് നമ്പരിലോ കെഎസ്ഇബിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേക്കോ അയക്കാവുന്നതുമാണ്.

ഇപ്രകാരം അയക്കപ്പെടുന്നതും പോസ്റ്റ് ചെയ്യപ്പെടുന്നതുമായ വിവരങ്ങൾ വിലയിരുത്തി അത്തരം തടസ്സങ്ങൾ നീക്കം ചെയ്യുവാൻ വിതരണ വിഭാഗം ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു മുഴുവൻ സമയ നോഡൽ ഓഫീസർ ഉണ്ടായിരിക്കുന്നതുമാണ്. ചിത്രങ്ങളോ വിവരങ്ങളോ അയക്കുന്നവർ അവ എടുക്കുന്ന തീയതിയും സമയവും ചിത്രത്തിലോ ഒപ്പമോ രേഖപ്പെടുത്തേണ്ടതാണ്. നോഡൽ ഓഫീസർ-ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (റ്റി.എ. ടു ഡയറക്ടർ -ഡിസ്ട്രിബ്യൂഷൻ) ഇ-മെയിൽ – ddkseb@kseb.in


ജൂലൈ 31 വരെ അയച്ചു കിട്ടുന്ന കഴമ്പുള്ള ചിത്രങ്ങളിൽ / വിവരങ്ങളിൽ ഏറ്റവും പ്രയോജനകരമായ 10 ചിത്രങ്ങൾക്ക് / വിവരങ്ങൾക്ക് കെ എസ് ഇ ബി ഉചിതമായ പാരിതോഷികങ്ങളും നൽകുന്നതാണ്.
Previous Post Next Post