
ബസുകളിൽ ടയറിന്റെ തേയ്മാനം ലൈറ്റുകൾ, വൈപ്പറുകൾ, വിൻഡോ ഷട്ടറുകൾ, ചോർച്ച എന്നിവയായിരുന്നു പ്രധാനമായും പരിശോധിച്ചത്.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ യാത്ര ബസുകളിൽ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി 1,49,000 രൂപ പിഴ ഈടാക്കി. പരിശോധനയിൽ 70 ബസ്സുകൾക്കെതിരെ നടപടിയെടുത്തു. മൂന്നു ബസുകളോട് അടിയന്തരമായി സർവീസ് നിർത്തി വെക്കാൻ നിർദ്ദേശം നൽകി. ശരിയായ പരിചരണമില്ലാതെ സർവീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് റദ്ദ് ചെയ്യുമെന്ന് എൻഫോഴ്സ് മെൻറ് ആർടിഒ അറിയിച്ചു
ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ആർ രാജീവിൻ്റെ നിർദേശപ്രകാരം ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്റ്റേജ് കാര്യേജ് ബസുകളിൽ മൺസൂൺ കാലത്തെ മുൻനിർത്തി പ്രത്യേക പരിശോധന നടത്തിയത്. ബസുകളിൽ ടയറിന്റെ തേയ്മാനം ലൈറ്റുകൾ, വൈപ്പറുകൾ, വിൻഡോ ഷട്ടറുകൾ, ചോർച്ച എന്നിവയായിരുന്നു പ്രധാനമായും പരിശോധിച്ചത്. ജില്ലയിലെ കോഴിക്കോട്, ബാലുശ്ശേരി ഉള്ളിയേരി കൊടുവള്ളി, താമരശ്ശേരി, പേരാമ്പ്ര, വടകര, കൊയിലാണ്ടി എന്നീ ബസ് സ്റ്റാൻഡുകളിൽ 8 സ്ക്വാഡുകൾ പരിശോധനയിൽ പങ്കെടുത്തു.