ഒരിക്കലും തീരാത്ത ടാറിംഗ്! മലാപ്പറമ്പില്‍ യാത്രക്കാര്‍ ദുരിതത്തില്‍

കോഴിക്കോട്: ടാറിങ്ങ് തുടങ്ങി ആറ് മാസമായിട്ടും തൊണ്ണൂറ് മീറ്റര്‍ റോഡ് ടാറിങ്ങ് പൂര്‍ത്തിയാവാത്തതിനാൽ ദുരിതം പേറുകയാണ്  മലാപ്പറമ്പിലെ  യാത്രക്കാര്‍. പണം അനുവദിച്ചിട്ടും മലാപ്പറമ്പ് ജംഗ്ഷനിൽ നിന്ന് ബൈപ്പാസിലേക്ക് പോകുന്ന റോഡിനാണ് ഈ ഗതികേട്. ദിവസം 40 സെന്റീമീറ്റർ നീളത്തിൽ ടാറിട്ടിരുന്നെങ്കിൽ പോലും യാത്രക്കാർക്ക് എന്നേ തുറന്ന് കൊടുക്കാമായിരുന്നു റോഡ്. കാര്യമെന്തായാലും, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുമരാമത്ത് മന്ത്രിയും ജില്ലാ ഭരണകൂടവും കഴിഞ്ഞ ഫെബ്രുവരി 17 ന് റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് അടിയന്തരമായി പണമനുവദിച്ചിട്ടും പണി ഒന്നുമായില്ല.
ഇത്ര കുറഞ്ഞ അളവിൽ കോൺക്രീറ്റ് ടാർ മിശ്രിതം കിട്ടാൻ പ്രയാസമാണെന്നാണ് കരാറുകാരന്‍ പറയുന്നത്. മറ്റേതെങ്കിലും റോ‍ഡ് നിർമാണത്തിന് ഉപയോഗിച്ച് ബാക്കി വരുന്ന മിശ്രിതം കൊണ്ടിവിടത്തെ പണി തീർക്കാനാണ് കരാറുകാരൻ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നു. ഈ കുറഞ്ഞ ഭാഗത്തിന് വേണ്ടി മാത്രം പ്ലാന്റ് പ്രവർത്തിപ്പിക്കാനാകില്ലെന്നും വിശദീകരണം. മലാപ്പറമ്പ് ജംഗ്ഷനിൽ തിരക്ക് സ്ഥിരമാണ്. കൂടുതലും ഇടത്തേക്ക് തിരിഞ്ഞ് ബൈപ്പാസിൽ പോകാനുള്ളതും. പണി പെട്ടന്ന് തീർത്താൽ കുരുക്ക് കുറയ്ക്കാം. കുറേയേറെ വാഹനങ്ങൾക്ക് കെട്ടിക്കിടന്ന് കളയുന്ന സമയം ലാഭിക്കാം.
Previous Post Next Post