ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റവാളികള്‍ ജാഗ്രത; കേരള പൊലീസിന്‍റെ പുതിയ അന്വേഷണ വിഭാഗം ഇന്ന് മുതല്‍


തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ 5600 എണ്ണമാണ്. ഭൂരിഭാഗവും തെളിയിക്കപ്പെടാതെ പോയി എന്നാണ് പൊലീസിന്‍റെ പക്കലുള്ള കണക്ക്. സൈബര്‍ സെല്ലോ ക്രൈംബ്രാഞ്ചോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജൻസികളോ അന്വേഷിച്ച് ഒരു തുമ്പും ഇല്ലാതെ തെളിയിക്കപ്പെടാതെ പോയ കേസുകകള്‍ ഒട്ടനവധിയാണ്. ഇത്തരം കേസുകള്‍ അന്വേഷിക്കാനായി കേരള പൊലീസില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അടുത്ത ഇന്ന് യാഥാര്‍ത്ഥ്യമാവുകയാണ്. പുതിയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് മുൻ പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ഈ വിഭാഗത്തില്‍ നിയമിച്ചിരിക്കുന്നത്. 226 തസ്തികകള്‍ ഈ വിഭാഗത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. ഹെഡ്‌ക്വാർട്ടേഴ്‌സ്‌ എഡിജിപിയുടെ നേതൃത്വത്തിലും നോർത്ത്‌, സൗത്ത്‌ മേഖലകളിൽ ഡിഐജിമാരുടെ നേതൃത്വത്തിലും നാല്‌ റേഞ്ചിൽ എസ്‌പിമാരുടെ നേതൃത്വത്തിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുതിയ അന്വേഷണ വിഭാഗത്തെ നിയന്ത്രിക്കും.
കൊല്ലം കോളേജ് ജംഗ്ഷനില്‍ ഒരു കമ്പ്യൂട്ടര്‍ ഷോറൂം നടത്തുന്ന ശ്രീജിത്ത് കഴിഞ്ഞ ഒക്ടോബറില്‍ വലിയൊരു സാമ്പത്തിക തട്ടിപ്പിന് ഇരയായിരുന്നു. ഒക്ടോബര്‍ 17 ന് പുലര്‍ച്ചെ 6.15 ന് ശ്രീജിത്തിന്‍റെ എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും അഞ്ച് തവണ പണം പിൻവലിച്ച് ഓണ്‍ലൈൻ വ്യാപാര സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് അജ്ഞാതൻ 75000 രൂപയ്ക്ക് സാധനം വാങ്ങി. ശ്രീജിത്തിന്‍റെ മൊബൈലിലെ ഒടിപി നമ്പര്‍ വിദഗ്ദമായി ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. എട്ട് തവണ പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അഞ്ച് തവണ മാത്രമേ വിജയിച്ചുള്ളൂ. കൊല്ലം സൈബര്‍ പൊലീസിന് അന്ന് തന്നെ ശ്രീജിത്ത് പരാതി നല്‍കി. ഏഴുമാസമായിട്ടും ഒരു തുമ്പും നമ്മുടെ സൈബര്‍ പൊലീസിന് ലഭിച്ചില്ല. ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും എസ്ബിഐയില്‍ നിന്നും വിവരം ലഭിക്കുന്നില്ലെന്നാണ് ശ്രീജിത്തിനോട് കൊല്ലം സൈബര്‍ പൊലീസ് നല്‍കുന്ന മറുപടി. സമാനമായ തട്ടിപ്പിനിരയായ ഇന്ത്യയിലെ നിരവധി പേരെ ഉള്‍പ്പെടുക്കി വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി, തട്ടിപ്പിനെതിരെ പോരാട്ടം നടത്തുകയാണ് ശ്രീജിത്ത്.


ആള്‍ബലമില്ലാത്തതും സാങ്കേതിക സംവിധാനത്തിന്‍റെ അപര്യാപ്തതയും സൈബര്‍ രംഗത്തെ പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെ കുറവുമാണ് കേരള പൊലീസിന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാന ഡിജിപിയുടെ പേരില്‍ വരെ ഓണ്‍ലൈൻ തട്ടിപ്പ് നടക്കുന്ന സംസ്ഥാനമാണ് കേരളം. ഡി.ജി.പിയുടെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് കൊല്ലം സ്വദേശിനിയുടെ പക്കല്‍ നിന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 14 ലക്ഷം നൈജീരിയൻ സ്വദേശി തട്ടിയത്..ഡിജിപി ആയതിനാല്‍ മൂന്ന് ദിവസത്തിനകം കേരള പൊലീസ് സര്‍വശക്തിയുമെടുത്ത് പ്രതിയെ പിടിച്ചു. എന്നാല്‍ സാധാരണക്കാരായ എത്രയോ പേര്‍ക്കാണ് ഇത്തരം കേസുകളില്‍ നീതി ലഭിക്കാത്തത്. നേരത്തേ ക്രൈംബ്രാഞ്ചിന്‌ കീഴിൽ ഡിഐജിയുടെ നേതൃത്വത്തിൽ ‘ഇക്കണോമിക്‌ ഒഫൻസ്‌ വിങ്‌’ ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല.
Previous Post Next Post