കോഴിക്കോട് സ്വദേശിയായ പങ്കാളിയെ വീട്ടുകാര്‍ തടവില്‍ വച്ചിരിക്കുന്നു; ലെസ്ബിയന്‍ പ്രണയിനി കോടതിയിലേക്ക്


ആലുവ: തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ ഇട്ടതായി ലെസ്ബിയന്‍ പ്രണയിനിയുടെ പരാതി. കൂട്ടുകാരിയെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ആലുവ സ്വദേശിയായ ആദില. ഇവര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് താമരശേരി സ്വദേശിയാണ് ആദിലയുടെ പങ്കാളി.
സൗദിയിലെ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്റിന്‍ തമരശ്ശേരി സ്വദേശിയായ 23 കാരിയുമായി അടുക്കുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും ഇരുവരും തമ്മില്‍ പ്രണയം തുടര്‍ന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.

കോഴിക്കോട് ഇരുവരും പിന്നീട് ഒന്നിച്ചു. കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഇരുവരും. ഇവിടെ തമരശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തി ബഹളം വച്ചപ്പോള്‍ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

പെട്ടന്നൊരുദിവസം താമരശേരിയില്‍ നിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി എന്നാണ് ആദില പറയുന്നത്. പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ രണ്ടുപേര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും. നിയമ സംവിധാനത്തിലൂടെ പൊലീസും കോടതിയും ഇടപെടണമെന്നാണ് ആദില പറയുന്നത്.
Previous Post Next Post