'24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ആവശ്യമെങ്കില്‍ ക്യാമ്പുകള്‍', കരുതല്‍ നടപടികള്‍ ശക്തമാക്കണം


തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. വിവിധ വകുപ്പ് മേധാവികളും പൊലീസ്, ഫയർഫോഴ്സ്, മേധാവിമാമർ കെഎസ്ഇബി ചെയർമാൻ, കാലാവസ്ഥാ–ദുരന്ത നിനവാരണ വിദഗ്ധർ വിവിധ ജില്ലാകളക്ടർമാർ തുടങ്ങിയവർ പങ്കെടുത്ത യോഗം പൊതുജനങ്ങൾക്കായി മാർഗ നിർദ്ദേശങ്ങൾ നൽകി. ശക്തമായ മഴെയ തുടർന്നുള്ള ഏത് സാഹചര്യവും നേരിടാൻ സംസ്ഥാന തയ്യാറെടുക്കുകയാണ്. പൊലീസിനും ഫയർഫോഴ്സിനും ആവശ്യമായ നി‍ർദ്ദേശം നൽകി. ആവശ്യമെങ്കിൽ സിവിൽ ഡിഫൻസ് ഓഫീസർമാരെ വിന്യസിക്കാനും നി‍ർദ്ദേശം നൽകി.
1077 എന്ന ടോൾ ഫ്രീ നമ്പറിൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. രാപ്പകൽ ഭേദമന്യേ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ജില്ലാ, താലൂക്ക് അടിസ്ഥാനത്തിലും തുറക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കും. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കോർപ്പറേഷനിൽ പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകി. ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകി.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പൊതുജനങ്ങൾക്കായി മർഗ നിർദേശങ്ങൾ മുന്നോട്ടവച്ചു

  • ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ പുഴകളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങരുത്
  • കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം.
  • ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.
  • കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക.

  • അതിരാവിലെ പുറത്തിറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
  • ശബരിമല തീർത്ഥാടകർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം.
  • രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
  • മലയോര മേഖലകളിലേക്കുള്ളവർ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം
  • വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം.
  • അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടില്ല
Previous Post Next Post