MrJazsohanisharma

കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ മാണ്ഡ്യയില്‍ റെയില്‍വേ ട്രാക്കിനടുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം, പരാതി


കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശിയെ കർണാടകത്തിലെ മാണ്ഡ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ. മകന്‍ ട്രെയിൻ തട്ടി മരിച്ചെന്ന സുഹൃത്തുക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം. ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് ഉളളിക്കാം കുഴിയിൽ ജംഷിദ് കഴിഞ്ഞ ശനിയാഴ്ച്ചയാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്രപോയത്. ബുധനാഴ്ച്ച ജംഷിദിന് അപകടം പറ്റിയെന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് മാണ്ഡ്യയിലെത്തിയ ബന്ധുക്കളോട് ജംഷിദ് ട്രെയിൻ തട്ടി മരിച്ചെന്ന് സുഹൃത്തുക്കള്‍ വിശദീകരണം നൽകി.
ചൊവ്വാഴ്ച മടങ്ങും വഴി രാത്രിയിൽ മാണ്ഡ്യയിൽ റെയിവെ ട്രാക്കിന് സമീപം കാർ നിർത്തി എല്ലാവരും ഉറങ്ങിയെന്നും പിറ്റേന്ന് രാവിലെയാണ് ജംഷിദ് ട്രാക്കിന് സമീപം മരിച്ച് കിടക്കുന്നത് കണ്ടതെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ വീട്ടുകാരോട് പറഞ്ഞത്. ഇത് വിശ്വാസയോഗ്യമല്ലെന്ന് മാതാപിതാക്കൾ പറയുന്നു. അഫ്സൽ എന്ന സുഹൃത്തിനൊപ്പം യാത്രപോകുന്നെന്ന് പറഞ്ഞാണ് ജംഷിദ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഇയാൾ നാട്ടിൽത്തന്നെയുണ്ടായിരുന്നതും ദുരൂഹമെന്നാണ് മാതാപിതാക്കളുടെ പരാതി. ഒപ്പം പോയവർക്ക് ലഹരിമാഫിയ ബന്ധമുണ്ടെന്ന ആരോപണവും ആശങ്കയുണർത്തുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. എന്നാല്‍ ജംഷിദിന്‍റെ മരണം ആത്മഹത്യയെന്നാണ് മാണ്ഡ്യ പൊലീസ് നൽകിയ വിവരം.
Previous Post Next Post