കോഴിക്കോട്: നിപ സംശയം ഉയർന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി സർക്കാർ. അയഞ്ചേരി, മരുതോങ്കര പഞ്ചായത്തിൽ സമ്പർക്കത്തിൽ പെട്ട ആളുകളെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജിന് പിന്നാലെ മുഹമ്മദ് റിയാസും യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റിസൾട്ട് പോസെറ്റീവ് ആയാലും നെഗറ്റീവ് ആയാലും എന്തൊക്കെ നടപടികൾ വേണം എന്ന് നിശ്ചയിച്ചിട്ടുണ്ടെന്ന് യോഗ ശേഷം മന്ത്രി വ്യക്തമാക്കി. നിപ ലക്ഷണങ്ങളോടെ ഒരു രോഗി മരിച്ച മരുതോങ്കരയിൽ ആശങ്കക്ക് വകയില്ലെന്നും ഇവിടെ 90 വീടുകളിൽ പരിശോധന നടത്തിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും റിയാസ് വിവരിച്ചു. ആയഞ്ചേരിയിൽ വാർഡ് 13 ലാണ് മറ്റൊരു രോഗി മരിച്ചത്. ഇവിടെയും നിലവിൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളുടെ സമീപ പ്രദേശങ്ങളിലും പഞ്ചായത്തുകളിലും ആർക്കെങ്കിലും പനി ഉണ്ടായാൽ റിപ്പോർട്ട് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വിവരിച്ചു.
അമിത ആശങ്ക വേണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും റിയാസ് ആവശ്യപ്പെട്ടു. രോഗികളെ സന്ദർശിക്കുന്നതിൽ എല്ലാവരും ജാഗ്രത പുലർത്തണം. നിലവിൽ മാസ്ക് നിർബന്ധമാക്കിയിട്ടില്ല. എല്ലാവരും മാസ്ക് ധരിക്കുന്നതാണ് നല്ലതെന്നും റിയാസ് വ്യക്തമാക്കി. പനി മരണം സംഭവിച്ച സ്ഥലങ്ങളിൽ മാധ്യമ പ്രവർത്തകർ പോകുന്ന സാഹചര്യം ഒഴിവാക്കണം. അവിടത്തെ ആളുകളുടെ പ്രതികരണം എടുക്കുന്നതും മാധ്യമങ്ങൾ ഒഴിവാക്കണം എന്നും റിയാസ് നിർദ്ദേശിച്ചു.
കുറ്റ്യാടി പഞ്ചായത്ത് ഹാളിലാണ് മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നത്. കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി, നാദാപുരം എം എൽ എ ഇ കെ വിജയൻ, മരുതോങ്കര, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സമീപ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും യോഗത്തിനെത്തി. വൈകിട്ട് വിവിധ വകുപ്പ് മേധാവികളുടെ യോഗവും കോഴിക്കോട് ചേരുംം.
Nipah alert in Kerala kozhikode meeting details How to prevent Nipah virus
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Nipha