MrJazsohanisharma

മണിക്കൂറുകൾ നീണ്ട പരിശ്രമം, തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ഒടുവിൽ പുറത്തിറക്കി.


കോഴിക്കോട് : കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്‍റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട്-ബംഗ്ലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പുറത്തിറക്കി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തിറക്കാനായത്.

കോഴിക്കോട് -ബംഗലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 15 എ - 2323 എന്ന സ്വിഫ്റ്റ് ബസാണ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. ഇന്നലെ രാത്രി ബംഗ്ലൂരുവില്‍ നിന്നെത്തി യാത്രക്കാരെ ഇറക്കിയ ശേഷമാണ് തൂണുകള്‍ക്കിടയില്‍ ഒട്ടിച്ച നിലയില്‍ ഡ്രൈവർ ബസ് പാര്‍ക്ക് ചെയ്തത് പോയത്. രാവിലെ എത്തിയ ജീവനക്കാര്‍ ഇത് കണ്ട് അന്തംവിട്ടു. പിന്നാലെ ബസ് പുറത്തിറക്കാനുളള പലപരീക്ഷണങ്ങളായി. ടയറിന്‍റെ കാറ്റ് പാതി അഴിച്ച് വിട്ട് ബസ് തളളി പുറത്തെത്തിക്കാന്‍ ചിലര്‍ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. മറ്റു ചില നിര്‍ദ്ദേശങ്ങളും ഉയര്‍ന്നെങ്കിലും വിലകൂടിയ വണ്ടിയായതിനാല്‍ പലരും പിന്‍മാറി. ഒടുവില്‍ തൂണുകളില്‍ സ്ഥാപിച്ചിട്ടുളള ഇരുമ്പ് വളയം പൊട്ടിച്ച് വിടവ് ഉണ്ടാക്കി പുറത്തിറക്കാനായി ശ്രമം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നീക്കം വിജയിച്ചു. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജയചന്ദ്രനാണ് വണ്ടി പുറത്തിറക്കിയത്. അതേ സമയം, ബസ് കുടുങ്ങിയ സംഭവത്തിൽ സിഎംഡി വിശദമായ റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
75 കോടി ചെലവില്‍ കെടിഡിഎഫ് സി, 2015 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ടെര്‍മിനലിന്‍റെ, അപാകത സംബന്ധിച്ച് നിലനിന്ന ആരോപണങ്ങളും പരാതികളും ശരി വയ്ക്കുന്ന സംഭവം കൂടിയായി ഇത്. തൂണുകള്‍ക്കിടയില്‍ മതിയായ അകലമില്ലെന്നും ബലക്ഷയം ഉണ്ടെന്നും ചെന്നൈ ഐഐടി സംഘം കണ്ടെത്തിയിരുന്നു. അടിയന്തരമായി സര്‍വീസ് നിര്‍ത്തി വച്ച് ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കെഎസ്ആര്‍ടിസിയും സര്‍ക്കാരും ഈ റിപ്പോര്‍ട്ട് അവഗണിച്ചു. ടെര്‍മിനല്‍ നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സ്ട്രക്ചറല്‍ എന്ർജിനീയറിംഗ് നടത്തിയവരെ ഉള്‍പ്പെടെ പ്രതികളാക്കി കേസ് എടുക്കാവുന്നതാണെന്നും വിജിലൻസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടുമില്ല.
Previous Post Next Post