ബീച്ച് ആശുപത്രി വികസനം: ഇനി എത്രകാലം കാക്കണം

കോഴിക്കോട് : മികച്ചരീതിയിൽ പ്രവർത്തിക്കുമ്പോഴും ആധുനികരീതിയിലുള്ള സൗകര്യങ്ങൾക്കായി കാത്തിരിക്കുകയാണ് ബീച്ച് ആശുപത്രി. മൂന്നുമേഖലകളാക്കി തിരിച്ചാണ് പുതിയ കെട്ടിടമുൾപ്പെടെയുള്ള സൗകര്യങ്ങൾ വിഭാവനംചെയ്തത്. ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. എന്നാൽ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷത്തിലേറെയായിട്ടും പദ്ധതിക്ക് സാങ്കേതികാനുമതി ആയിട്ടില്ല.

176 കോടിയിലേറെ രൂപയുടേതാണ് ബീച്ച് ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റർപ്ലാൻ. 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഓൺലൈനായി പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഭരണാനുമതിയും ലഭിച്ചു. എന്നാൽ ഇതുവരേയും സാങ്കേതികാനുമതി ലഭിച്ചിട്ടില്ല. എ. പ്രദീപ്കുമാർ എം.എൽ.എ.യായിരുന്നപ്പോഴാണ് ബീച്ച് ആശുപത്രി വികസനത്തിനായി മാസ്റ്റർപ്ലാൻ ഒരുക്കിയത്. സർജിക്കൽ ബ്ലോക്ക്, അമിനിറ്റീസ് ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം എന്നിങ്ങനെ മൂന്ന് മേഖലകളാണ് മാസ്റ്റർപ്ലാനിലുള്ളത്. രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള ഡോർമിറ്റെറി, മെഡിക്കൽ സ്റ്റോർ, ഭക്ഷണം കഴിക്കാനും സാധനങ്ങൾ വാങ്ങാനുമുള്ള സൂപ്പർമാർക്കറ്റ്, ഫുഡ് കോർട്ട് എന്നിവയാണ് അമിനിറ്റീസ് ബ്ലോക്കിലുള്ളത്. ന്യായവില മെഡിക്കൽ ഷോപ്പും ഒരുക്കും.
അത്യാഹിതവിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റും. എം.ആർ.ഐ., ഐ.സി.യു. സംവിധാനം, ആറ് ഓപ്പറേഷൻ തീയേറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ലാബ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് സർജിക്കൽ ബ്ലോക്ക്. സൂപ്രണ്ടിന്റെ ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവയെല്ലാം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുണ്ടാവും. അതുപോലെ നിലവിലെ ആശുപത്രിക്കെട്ടിടം പൗരാണികരീതിയിൽ സംരക്ഷിക്കുകയുംചെയ്യും. ഇൻകലിനാണ് പദ്ധതിയുടെ ചുമതല.

ആശുപത്രി ക്വാർട്ടേഴ്‌സുള്ള സ്ഥലത്താണ് ആറുനിലയുള്ള ബ്ലോക്ക് വരുന്നത്. ഇവിടെയുള്ള കെട്ടിടം പൊളിക്കുന്നതിനുള്ള ടെൻഡർ നടപടികളെല്ലാമായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

സാങ്കേതികാനുമതി വൈകില്ല

ബീച്ച് ആശുപത്രി വികസനത്തിന് പരിഗണന നൽകുന്നുണ്ട്. സാങ്കേതികാനുമതിക്കായി സമർപ്പിച്ചിരിക്കയാണ്. വൈകാതെതന്നെ അനുമതി ലഭിക്കും. അതു കഴിഞ്ഞാൽ തുടർ നടപടികളിലേക്ക് കടക്കാനാകും.

തോട്ടത്തിൽ രവീന്ദ്രൻ
എം.എൽ.എ.
Previous Post Next Post