അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ദുർഗന്ധം, വായുമലിനീകരണം; ദുരിതം പേറി മുന്നൂറോളം കുടുംബങ്ങൾ


കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ സ്വകാര്യ കോഴി അറവ്, മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ നിന്ന് ഉയരുന്ന രൂക്ഷമായ ദുര്‍ഗന്ധത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ മാലിന്യം കൊണ്ടുവന്ന് ഇവിടെ സംസ്കരിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാസങ്ങളായി പ്രക്ഷോഭം തുടരുകയാണ്.
കോഴി മാലിന്യങ്ങളും മറ്റ് അറവ് മാലിന്യങ്ങളും സംസ്കരിക്കുന്ന കമ്പനി ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. ഒരുവര്‍ഷമായി ഈ കമ്പനിയില്‍ നിന്ന് ഉയരുന്നത് രൂക്ഷ ദുര്‍ഗന്ധമാണ്. കമ്പനി പ്രവര്‍ത്തിക്കുന്ന രാത്രികാലങ്ങളിലാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത്. കമ്പനി കട്ടിപ്പാറ പഞ്ചായത്തിലാണെങ്കിലും ഇരുതുള്ളി പുഴയോര ഗ്രാമങ്ങളായ കരിമ്പാലകുന്ന്, വെളിമുണ്ട, മാങ്കോണം, പള്ളിത്താഴം എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ് ദുരിതം പേറുന്നത്. കൂടത്തായി സെന്‍റ്മേരീസ് സ്കൂളിലെ കുട്ടികള്‍ ഉള്‍പ്പെടെ ഈ വായുമലിനീകരണത്തിന്‍റെ ഇരകളാണ്. ശ്വാസകോശ അസുഖങ്ങള്‍ ഉള്‍പ്പെടെ നേരിടുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

കമ്പനി മാനേജുമെന്‍റുമായി ഈ ദുരവസ്ഥ നാട്ടുകാര്‍ ചര്‍ച്ച ചെയ്തതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കും പരാതി നല്‍കി. എങ്കിലും ഇതുവരെ പ്രശ്ന പരിഹാരമായില്ല. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതിയും നല്‍കി. നാട്ടുകാരുടെ സമ്മര്‍ദ്ദ ഫലമായി കമ്പനി ബയോഫില്‍ട്ടര്‍ സ്ഥാപിച്ചു. അത് ഫലപ്രദമല്ലാതായപ്പോള്‍ ബയോബെഡ് എന്ന സംവിധാനവും പരീക്ഷിച്ചു. ഇതും പരാജയപ്പെട്ടു. അതിനാല്‍ ഈ സാമൂഹ്യ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post