അരമണിക്കൂർ മുൻപേ പുറപ്പെടും, 1.15 മണിക്കൂർ വഴിയിൽ കിടക്കും; പകൽ എക്സിക്യൂട്ടീവ്, രാത്രി ലോക്കൽ

 
കോഴിക്കോട്: ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിനു വഴിയിൽക്കുരുക്ക്. ഇതുമൂലം മലബാർ മേഖലയിലെ യാത്രക്കാർക്കു രാത്രി ദുരിതയാത്ര. ആലപ്പുഴയിൽ നിന്നു എറണാകുളത്തെത്തി വൈകിട്ട് 4.30 നു അവിടെനിന്നു കണ്ണൂരിലേക്കു പുറപ്പെടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് ഷൊർണൂരിൽ 6.25 നു എത്തും. കോയമ്പത്തൂർ – തൃശൂർ കണക‍്ഷൻ ട്രെയിൻ ഷൊർണൂരിൽ എത്തിയ ശേഷം മാത്രമാണ് എക്സിക്യൂട്ടീവ് 7.15 നു കോഴിക്കോട് ഭാഗത്തേക്കു യാത്ര പുറപ്പെടുന്നത്.
എന്നാൽ കോവിഡ് നിയന്ത്രണം നീങ്ങിയപ്പോൾ എക്സിക്യൂട്ടീവ് എറണാകുളത്തുനിന്നു പുറപ്പെടുന്നതു 4.30 നു പകരം 35 മിനിറ്റ് നേരത്തെയാക്കി, 3.55 ന് പുറപ്പെടും. കോയമ്പത്തൂർ – തൃശൂർ കണക‍്ഷൻ ട്രെയിൻ സർവീസ് തൽക്കാലം നിർത്തി. എന്നാൽ എക്സിക്യൂട്ടീവ് എക്സ്പ്രസ് സർവീസ് നിർത്തിയ കോയമ്പത്തൂർ – തൃശൂർ കണക‍്ഷൻ ട്രെയിനിനു വേണ്ടി ഷൊർണൂരിൽ ഇപ്പോഴും 45 മിനിറ്റ് പിടിച്ചിടുകയാണ്.

മാത്രവുമല്ല, എറണാകുളത്തുനിന്നും നേരത്തെ പുറപ്പെട്ടാലും തൃശൂർ എത്തുന്നതിനു മുൻപ് 40 മിനിറ്റോളം ന്യൂഡൽഹി, പട്ന എക്സ്പ്രസുകൾക്കായി വഴിയിൽ പിടിച്ചിടും. ഈ സാഹചര്യത്തിൽ എറണാകുളത്തു നിന്നും കോഴിക്കോട്ടേക്കു ട്രെയിൻ നേരത്തെ പുറപ്പെട്ടാലും ഒരു മണിക്കൂർ 15 മിനിറ്റ് അനാവശ്യമായി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നെന്നാണു പരാതി.


കോയമ്പത്തൂർ – തൃശൂർ കണക‍്ഷൻ ട്രെയിൻ നിലവിൽ സർവീസ് നടത്താത്ത സാഹചര്യത്തിൽ ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് ഷൊർണൂരിൽ പിടിച്ചിടേണ്ടതില്ല. മാത്രമല്ല 3.55 നു എറണാകുളത്തുനിന്ന് എക്സിക്യൂട്ടീവ് പുറപ്പെടുന്നതിനാൽ എറണാകുളം, ആലുവ, കളമശ്ശേരി, ചാലക്കുടി മേഖലയിൽ നിന്നു വാരാന്ത്യത്തിൽ മലബാറിലേക്ക് എത്താൻ ആശ്രയിച്ചിരുന്ന സർക്കാർ ജീവനക്കാർക്കും മറ്റു ജീവനക്കാർക്കും ഈ ട്രെയിൻ ഉപകാരപ്പെടാത്ത അവസ്ഥയായി. സമയക്രമം മാറ്റി യാത്രക്കാരുടെ ദുരിതയാത്രയ്ക്കു പരിഹാരം ഉണ്ടാക്കണമെന്നു മലബാർ റെയിൽ യൂസേഴ്സ് ഫോറം സെക്രട്ടറി മുനീർ കുറുമ്പടി ആവശ്യപ്പെട്ടു
Previous Post Next Post