കോഴിക്കോട് പോക്സോ കേസിൽ 56 കാരൻ പിടിയിൽ, കുട്ടിയുടെ വെളിപ്പെടുത്തൽ സ്കൂളിലെ കൗൺസിലിങ്ങിനിടെ


കോഴിക്കോട്: കോഴിക്കോട് പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് കൽപത്തൂർ, രാമല്ലൂരിൽ താമസിക്കുന്ന കോഴിക്കുന്നത്ത് ചാലിൽ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സബ്ബ് ഇൻസ്പെക്ടർ ജയകുമാരിയാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. തുടർന്ന് കൊയിലാണ്ടി പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കൊയിലാണ്ടി മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാൾ ഇപ്പോൾ റിമാന്റിലാണ്.
അതേസമയം കഴിഞ്ഞ ദിവസം വയനാട്ടില്‍ കരാട്ടെ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് ടൗണിൽ കരാട്ടെ സെന്‍റർ നടത്തുന്ന നിസാറാണ് അറസ്റ്റിലായത്. കരാട്ടെ പരിശീലനത്തിന് വന്ന വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ രക്ഷിതാക്കൾ കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രതി നിസാർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ഇന്ന് മലപ്പുറത്തും പോക്സോ കേസില്‍ ഒരു അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. മമ്പാട് സ്വദേശി അബ്ദുൽ സലാം (57) ആണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ വിരമറിയിച്ചതിനെ തുടര്‍ന്നാണ് നിലമ്പൂർ പൊലീസ് അബ്ദുല്‍ സലാമിനെ പിടികൂടിയത്. പ്രതി പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പെൺകുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ കുട്ടികൾക്കെതിരെ അധ്യാപകന്‍ അതിക്രമം നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
Previous Post Next Post