പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത; ജില്ലയിലെ അതിരിടൽ നിർത്തിവെച്ചു


പെരുമണ്ണ : പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ജില്ലയിലെ അതിരിടൽ നിർത്തിവെച്ചു. ദേശീയപാത വിഭാഗം പ്രസിദ്ധീകരിച്ച 3-എ വിജ്ഞാപനപ്രകാരമല്ല അതിരിടലെന്ന സ്ഥലമുടമകളുടെ പരാതിയെത്തുടർന്നാണ് നാഷണൽ ഹൈവേ ലാൻഡ് അക്യുസിഷൻ ഡെപ്യൂട്ടി കളക്ടർ പി.എസ്. ലാൽചന്ദ് അതിരിടൽ നിർത്തിവെക്കാൻ നിർദേശിച്ചത്. ചൊവ്വാഴ്ച റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരാതിപരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. 3-എ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതികൾ പരിശോധിക്കാനുള്ള ഹിയറിങ്ങും ബുധനാഴ്ച കോഴിക്കോട് കളക്ടറേറ്റിൽ വിളിച്ചുചേർത്തിട്ടുണ്ട്.
സാറ്റലൈറ്റ് സർവേക്കായി നിയോഗിച്ച സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് ദേശീയപാത കടന്നുപോകുന്ന ജില്ലയിലെ പെരുമണ്ണ, ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധികളിൽ കഴിഞ്ഞ ദിവസങ്ങളിലായി അതിരിടൽ തുടങ്ങിയിരുന്നത്. ഇതിൽ, പെരുമണ്ണ അരമ്പച്ചാൽ, അമ്പിലോളി ഭാഗങ്ങളിലടക്കം വിജ്ഞാപനത്തിൽപ്പെടാത്ത സ്ഥലത്ത് അതിരിട്ടതായി കാണിച്ചാണ് ഉടമകൾ രംഗത്തെത്തിയിട്ടുള്ളത്. റവന്യൂ ഉദ്യോഗസ്ഥർ ആരുംതന്നെയില്ലാതെ, സ്വകാര്യകമ്പനിയിലെ മൂന്ന് അന്യഭാഷാജീവനക്കാർ മാത്രമാണ് അതിർത്തിനിർണയിക്കുന്ന ജോലിയിലേർപ്പെട്ടിരുന്നത്. അതാണ് പ്രശ്നത്തിന് കാരണമെന്നും അതത് വില്ലേജ് ഓഫീസ് ജീവനക്കാരെക്കൂടി ഉൾപ്പെടുത്തിവേണം അതിർത്തിനിർണയം നടത്തേണ്ടതെന്നും സ്ഥലമുടമകൾ പറയുന്നു.

പാലക്കാട്ടുനിന്ന് തുടങ്ങി കോഴിക്കോട് പന്തീരാങ്കാവ് ദേശീയപാത 66-ൽ അവസാനിക്കുന്ന 45 മീറ്ററിലുള്ള നിർദിഷ്ട ആറുവരിപ്പാതയ്ക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ വാഴയൂർവഴി ചാലിയാർപ്പുഴ കടന്നാണ് പെരുമണ്ണ അങ്ങാടിയിലൂടെ പന്തീരാങ്കാവ് ദേശീയപാതയിലേക്കെത്തുന്നത്. പെരുമണ്ണ നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന ചാലിയാർപുഴയ്ക്ക് കുറുകെയുള്ളപാലം ഈ ദേശീയപാത വരുന്നതോടെ യാഥാർഥ്യമാകും.
Previous Post Next Post