കോഴിക്കോട്: കോട്ടുളി പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് ബന്ദിയാക്കിയ ശേഷം കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കാലടി സ്വദേശി സാദിഖാണ് ദിവസങ്ങൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായത്. ഇയാള് നേരത്തെ ഇതേ പമ്പിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ഹോംസ്റ്റേയില് താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ്കവര്‍ച്ച ആസൂത്രണം ചെയ്തത്. ബൈക്ക്, മൊബൈൽ എന്നിവയുടെ ഇഎംഐ അടയ്ക്കാൻ വേണ്ടിയായിരുന്നു മോഷണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
Read also: ഡ്രൈവിങ് ലൈസന്‍സ് ഇനി ഓൺലൈനിലൂടെ പുതുക്കാം
കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി സിനിമാ മോഡൽ കവർച്ച നടന്നത്. ജീവനക്കാരനെ മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം പമ്പിൽ നിന്നും 50,000 രൂപയുമായി ഇയാൾ കടന്നുകളയുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മര്‍ദ്ദനത്തിന്റെയും കവര്‍ച്ചയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
കറുത്ത വസ്ത്രങ്ങളും കൈയുറയും കറുത്ത മുഖം മൂടിയും ധരിച്ചാണ് ഇയാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറിയെത്തിയത്. തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ ആശുപത്രിയിലായിരുന്നു.