കുതിരവട്ടത്തെ ദുരവസ്ഥയ്ക്ക് കാരണക്കാർ ആര്..? ആരോഗ്യവകുപ്പ് ഡയറക്ടർ നാളെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും


കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയുൾപ്പെടെയുളള കാര്യങ്ങളിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നാളെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. റിമാൻഡ് പ്രതിയായ അന്തേവാസി അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് സുരക്ഷാവീഴ്ചയുള്‍പ്പെടെ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഹെൽത്ത് സർവീസ് ഡയറക്ടർ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. അതേസമയം, ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാന്‍ നടപടി തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അടിക്കടിയുണ്ടാകുന്ന സുരക്ഷാവീഴ്ചകൾ, റിമാൻഡ് പ്രതിയായ അന്തേവാസി കുളിമുറിയുടെ ഭിത്തി സ്പൂൺ കൊണ്ട് തുരന്ന് പുറത്ത് കടക്കുകയും, അപകടത്തിൽ മരിക്കുകയും ചെയ്ത സംഭവത്തിൽ സൂപ്രണ്ടിന്‍റെ സസ്പെൻഷൻ, പിന്നാലെ ഡോക്ടർമാരുടെ സമരം - ഇതിനെല്ലാമിടയിൽ നിജസ്ഥിതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പ്രീത കോഴിക്കോട്ടെത്തിയത്.

നടപടിക്ക് വിധേയനായ ആശുപത്രി സൂപ്രണ്ട് ഡോ. കെ സി രമേശനെ വിളിച്ചുവരുത്തി വിശദീകരണം ഡോ. പ്രീത വിശദീകരണം കേട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ, എൻ എച്ച് എം ജില്ലാ മേധാവി തുടങ്ങിയ ഉദ്യോഗസ്ഥരും കുതിരവട്ടത്തെത്തി ആരോഗ്യവകുപ്പ് ഡയറക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ കുറവ്, സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ച, കെട്ടിടങ്ങളുടെ കാലപ്പഴക്കം എന്നിവയുൾപ്പെടെ ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പ് ഡയറക്ടറോട് വിശദീകരിച്ചു.


ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ വിലയിരുത്തുന്ന റിപ്പോർട്ട് ഡിഎച്ച്എസ് ബുധനാഴ്ച മന്ത്രിക്ക് സമർപ്പിക്കും. റിമാൻഡ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ട സംഭവം സൂപ്രണ്ടിന്‍റെ വീഴ്ചയല്ലെന്നും പൊലീസിന്‍റെ ചുമതലയെന്നുമാണ് ഡോക്ടർമാരുടെ നിലപാട്. ഇതുന്നയിച്ച് ഒ പി ബഹിഷ്കരണ സമരം ഡോക്ടർമാർ ശക്തമാക്കിയതോടെയാണ് അന്വേഷണത്തിനായി ഡിഎച്ച്എസ് കോഴിക്കോട്ടെത്തിയത്.

അതിനിടെ, കുതിരവട്ടത്ത് ജീവനക്കാരുടെ കുറവുള്‍പ്പെടെ ഉടന്‍ പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കളേറ്റെടുക്കാത്ത അന്തേവാസികളെ പുരനധിവസിപ്പിക്കും.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കുതിരവട്ടത്ത് ജില്ലാ പൊലീസ് നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് അന്വേഷണ സംഘം നാളെ കോടതിയില്‍ സമര്‍പ്പിക്കും. സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലെയും സ്ഥിതി വിലയിരുത്താൻ മന്ത്രി പ്രത്യേക യോഗം വിളിച്ചിട്ടുമുണ്ട്.
Previous Post Next Post