ടാറ്റ എത്തുന്നു; ഊരാളുങ്കൽ സൈബർ പാർക്ക്‌ ഹൗസ്‌ ഫുൾ
കോഴിക്കോട്‌:സഹകരണ മേഖലയുടെ അഭിമാനമുദ്രയായ ഊരാളുങ്കൽ സൈബർ പാർക്ക്‌ കോവിഡ്‌ പ്രതിസന്ധിയിലും പ്രതീക്ഷിത ലക്ഷ്യം കൈവരിച്ച്‌ പുതിയ കുതിപ്പിലേക്ക്‌. 2016 ഫെബ്രുവരി 27ന്‌ ആരംഭിച്ച പാർക്കിലെ മുഴുവൻ സ്ഥലവും വിറ്റഴിഞ്ഞു. പ്രമുഖ ഡിസൈൻ - ടെക്‌നോളി സേവനദാതാക്കളായ ടാറ്റ എലക്‌സിക്കായി 42,000 ചതുരശ്ര അടി കൈമാറുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ഒന്നാംഘട്ടമായി പത്തു നിലകളിലായി ഒരുക്കിയ 4,82,000 ചതുരശ്ര അടി സ്ഥലവും  കൈമാറി. 

മലബാറിൽ ഇതാദ്യമായാണ്‌ ഐടി മേഖലയിൽ ഒരു ബഹുരാഷ്ട്ര കമ്പനി എത്തുന്നത്‌.   ആയിരത്തോളം ജീവനക്കാരുമായി ടാറ്റ എലക്‌സി ഉടൻ പ്രവർത്തനം തുടങ്ങും. ടാറ്റ എലക്‌സിയടക്കം സൈബർ പാർക്കിലെ കമ്പനികൾ 85 ആയി. നൂറുശതമാനവും കയറ്റുമതി അധിഷ്‌ഠിത സേവനങ്ങളാണ്‌ ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്‌. പത്തുവർഷത്തിനകം 1,500 കോടിയുടെ കയറ്റുമതി ലക്ഷ്യമിട്ട സൈബർപാർക്കിൽ ആദ്യഘട്ടത്തിൽ തന്നെ 150 കോടിയെന്ന ലക്ഷ്യത്തിലെത്തി.   
സംസ്ഥാന സർക്കാരിന്റെ സ്‌റ്റാർട്ടപ്‌ മിഷൻ, വ്യവസായ വികസന കോർപറേഷന്‌ കീഴിലുള്ള നവസംരംഭങ്ങൾ എന്നിവക്ക്‌ കൂടി ഇടം നൽകിയാണ്‌ കോവിഡ്‌ പ്രതിസന്ധിക്കിടയിലും ഊരാളുങ്കൽ കുതിച്ചത്‌. ടാറ്റ എലക്‌സികൂടി എത്തുന്നതോടെ  ഒരു ഷിഫ്‌റ്റിൽ മൂവായിരം പേർ തൊഴിൽ ചെയ്യുന്ന സ്ഥാപനമായി യുഎൽ സൈബർ പാർക്ക്‌ മാറും.   

അടുത്ത പ്രോജക്‌ട്‌‌ ഉടൻ    

25.1 ഏക്കറിൽ 150 കോടി ചെലവഴിച്ച്‌ പത്തു നിലകളിലായി സജ്ജമാക്കിയ സ്ഥലസൗകര്യം പൂർണമായും വിനിയോഗിക്കാനായതോടെ അടുത്ത പ്രോജക്ടിനുള്ള ഒരുക്കത്തിലാണ്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി. കോവിഡിന്‌ ശേഷം ഐടി അനുബന്ധ സേവനമേഖലകളിലെ മാറ്റം കൂടി പഠിച്ചാകും പുതിയ പ്രോജക്‌ട്‌. ഹരിതചട്ടങ്ങൾ പാലിച്ച്‌ കേരളത്തിലെ  വലിയ രണ്ടാമത്തെ നിർമിതിയാണ്‌ സൈബർപാർക്ക്‌. പരിസ്ഥിതി സൗഹൃദ കെട്ടിടനിർമാണത്തിനുള്ള ലീഡ് ഗോൾഡ് സ്റ്റാൻഡേർഡ് പദവിയുള്ള കെട്ടിടത്തിൽ ഊർജ ഉപഭോഗം 40 ശതമാനത്തോളം കുറവാണ്‌.
Previous Post Next Post