കോഴിക്കോട് : കിഡ്‌സൺ കോർണറിൽ പാർക്കിങ് പ്ലാസ നിർമിക്കുന്നതിനായി സത്രം കെട്ടിടം പൊളിച്ചുനീക്കാൻ കരാറായി. പി.കെ. സ്റ്റീൽസിനാണ് കരാർ നൽകിയത്. മേയർ ഡോ. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
17 കമ്പനികൾ ടെൻഡറിൽ പങ്കെടുത്തു. 3,61,000 രൂപയ്ക്കാണ് പി.കെ. സ്റ്റീൽ കരാറെടുത്തത്. നേരത്തേതന്നെ കോർപ്പറേഷൻ പൊളിക്കാനുള്ള ചെലവും (28.53 ലക്ഷം) വസ്തുക്കളുടെ ആസ്തിയും (23.95 ലക്ഷം) കണക്കാക്കിയിരുന്നു. ഇതുപ്രകാരമാണ് കരാർ തുക കണക്കാക്കിയതും ടെൻഡർ വിളിച്ചതും.
നോവൽ ബ്രിഡ്ജസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് പ്ലാസ നിർമിക്കുന്നത്. കിഡ്‌സണിൽ 22.47 സെന്റ് സ്ഥലത്ത് 45.43 കോടി ചെലവിലാണ് പ്ലാസ പണിയുക. 380 കാറുകളും 180 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം. ഓട്ടോമാറ്റിക് സംവിധാനത്തോടെയുള്ളതാണ് പ്ലാസ. പദ്ധതി നടത്തിപ്പിന്റെ ചുമതല സെന്റർ ഫോർ മാനേജ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റിനാണ്.