മുക്കം ടൗൺ സൗന്ദര്യവൽക്കരണം ഇഴയുന്നു ; സമര പരിപാടികളുമായി വ്യാപാരികൾമുക്കം: ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. ദുരിതത്തിലായ വ്യാപാരികൾ സമരമുഖത്തേക്ക്. 600 മീറ്റർ സൗന്ദര്യവൽക്കരണത്തിനുള്ള 7.5 കോടി രൂപയുടെ പ്രവൃത്തി ഒന്നര വർഷമായിട്ടും പൂർത്തീകരിക്കാനാവാതെ കിടക്കുന്നു. മന്ദഗതിയിലായ പ്രവർത്തനം ഇനിയും മാസങ്ങൾ നീളുമെന്ന ആശങ്കയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സമര രംഗത്ത് ഇറങ്ങുകയാണ്. മുക്കം ഫെഡറൽ ബാങ്ക് മുതൽ മുക്കം അരീക്കോട് പാലം വരെയും ആലിൻചുവട് വരെയും മാത്രം 600 മീറ്ററിൽ 7.5 കോടി ചെലവഴിച്ചുള്ള സൗന്ദര്യവൽക്കരണ പദ്ധതി ഒന്നര വർഷം മുൻപാണ് ആരംഭിച്ചത്.
ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തിക്കെതിരെ വ്യാപാരികൾ ഉൾപ്പെടെയുള്ള വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സമരം ചെയ്തിട്ടും ഫലം കണ്ടില്ല. ഏറ്റവും ഒടുവിൽ കഴിഞ്ഞ ചെറിയ പെരുന്നാളിനു മുൻപു പ്രവൃത്തി പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ലിന്റോ ജോസഫ് എംഎൽഎയും നഗരസഭാ അധികൃതരും ഒട്ടേറെ തവണ കരാറുകാരുമായി സംസാരിച്ചിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് വ്യാപാരികൾ സമരത്തിന് ഇറങ്ങുന്നത്.

സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഇനിയും ഒട്ടേറെ പ്രവൃത്തികൾ ബാക്കിയാണ്. ആലിൻചുവട്ടിലും പിസി റോഡിലും പൂട്ടു കട്ടകൾ പതിക്കുന്ന പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്. റോഡിന്റെ വശങ്ങളിലും നടപ്പാതകളിലും പൂട്ട് കട്ട പതിക്കാനുണ്ട്. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെടികൾ നട്ടു പിടിപ്പിക്കൽ, ലൈറ്റുകൾ സ്ഥാപിക്കൽ പ്രവൃത്തികളും ബാക്കിയാണ്. പ്രവൃത്തികൾ പാതി വഴി നിൽക്കുന്നത് അങ്ങാടിയിൽ പാർക്കിങ് പ്രശ്നവും രൂക്ഷമാക്കുന്നു.
Previous Post Next Post