കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം




കോഴിക്കോട്: കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ ആണ് അപകടം ഉണ്ടായത്. കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.
സംഭവത്തില്‍ കുറ്റകരമായ നരഹത്യക്ക് ബേപ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയത് എന്നും പൊലീസ് പറഞ്ഞു. അതേസമയം, കരാറുകാരനാണ് ഉത്തരവാദിയെന്നാണ് കെഎസ്ഇബി ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി സുധാകരൻ പ്രതികരിച്ചത്. പൊലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്നും കെഎസ്ഇബി അറിയാതെയാണ് കരാറുകാരൻ പഴയ പോസ്റ്റ് നീക്കിയതെന്നും ഷാജി സുധാകരൻ പറയുന്നു. മരിച്ച ആളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് ആക്ഷേപം. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട്-ബേപ്പൂർ പാത ഉപരോധിക്കുകയാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ പിരിഞ്ഞ് പോകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
Previous Post Next Post