ദാസൻ ദേവദൂതനായി; ഫാത്തിമ ഉമ്മയ്ക്ക് ജീവൻ തിരിച്ചുകിട്ടി




കൊയിലാണ്ടി:ഒരുഭാഗത്ത് പാഞ്ഞുവരുന്ന തീവണ്ടി എൻജിൻ; ഒന്നുമറിയാതെ ട്രാക്കിലൂടെ നടന്നു പോകുന്ന വായോധിക. തന്റെ ജീവൻ കൂടി അപകടത്തിൽപ്പടുമെന്നു അറിഞ്ഞിട്ടും ട്രാക്കിലേക്ക് ഓടി വൃദ്ധയെ രക്ഷിച്ച് കൊയിലാണ്ടി സിവിൽ ഡിഫൻസ് അംഗം ചെങ്ങോട്ടുകാവ് അടുക്കത്ത് ദാസൻ നാടിന്റെ അഭിമാനതാരമായി.
കഴിഞ്ഞ ദിവസം ചെങ്ങോട്ടുകാവ് ഓവർ ബ്രിജിനു സമീപത്തുള്ള റോഡിലൂടെ കടന്നുപോകുമ്പോൾ വെറുതെ ഒന്ന് റെയിൽവേ ട്രാക്കിലേക്ക് നോക്കിയതാണ് ദാസൻ. കോഴിക്കോടു ഭാഗത്തുനിന്നും ഒരു തീവണ്ടി എൻജിൻ കടന്നുവരുന്നുണ്ട്. ഇതൊന്നും അറിയാതെ ട്രാക്കിലൂടെ നടന്നു പോകുകയാണ് വയോധികയായ ചെങ്ങോട്ടുകാവ് റാഹത്ത് മൻസിൽ ഫാത്തിമ.

രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം ട്രാക്കിലേക്ക് ഓടിക്കയറി ആ വൃദ്ധ മാതാവിനെയുമെടുത്ത് പുറത്തേക്ക് ഓടി. ഫാത്തിമയെ ബന്ധുക്കളുടെ അടുത്ത് സുരക്ഷിതമായി ഏൽപ്പിച്ചശേഷമാണ് ദാസൻ മടങ്ങിയത്. ഒരു ജീവൻ രക്ഷിക്കാനായതിന്റെ സംതൃപ്തിയോടെ. സിവിൽ ഡിഫെൻസ് കൊയിലാണ്ടി യൂണിറ്റ് അടുക്കത്ത് ദാസന്റെ സേവനത്തെ അഭിനന്ദിച്ചു.
Previous Post Next Post