
കോഴിക്കോട്: പട്ടാപ്പകല്‍ നടന്ന മോഷണക്കേസിലെ പ്രതി പിടിയിലായി. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ പരിയങ്ങാട് തടയിൽ പുനത്തിൽ പ്രകാശന്‍റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് മകനായ സിനീഷാണെന്ന് തെളിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുറ്റം സമ്മതിച്ച പ്രതിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ്, അച്ഛൻ കരുതിവെച്ചിരുന്ന 50,000 രൂപ അലമാര തകർത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരയിൽനിന്നും 30,000 രൂപ എടുത്ത് ഇയാൾ വാഹനത്തിന്‍റെ കടം വീട്ടിയിരുന്നു. അത് അച്ഛൻ മനസ്സിലാക്കിയില്ലെന്ന് അറിഞ്ഞ്, മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീണ്ടും മോഷണം നടത്തുകയായിരുന്നു. ഭാര്യയെ അവരുടെ വീട്ടിലാക്കി തിരികെ വന്ന ശേഷമായിരുന്നു മോഷണം.