
വളയം: പഞ്ചായത്തിലെ മലയോര മേഖലയായ ആയോട്, ചിറ്റാരി എടപ്പക്കാവിൽ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനു സാധ്യതയുള്ളതായി സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ നിന്നുള്ള വിദഗ്ധ സംഘം വിലയിരുത്തി. ഡോ. പി.ആർ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണു സന്ദർശനം നടത്തിയത്. തുടർച്ചയായി മഴ പെയ്താൽ, ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്ത സാധ്യതയുണ്ടെന്നും മലയുടെ താഴ്‌വാരത്തെ വീട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റണമെന്നുമാണു നിർദേശം.
സമുദ്ര നിരപ്പിൽ നിന്ന് 650 അടി ഉയരത്തിലുള്ള കണ്ണവം വനത്തിനുള്ളിൽ ഉൾപ്പെടെ സംഘം പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്, സെക്രട്ടറി കെ.വിനോദ് കൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.വിനോദൻ, മെംബർമാരായ വി.കെ.രവി, എൻ.നസീമ, ഫയർ ബീറ്റ് ഓഫിസർ മനോജ് കിഴക്കെകര, വില്ലേജ് അസിസ്റ്റന്റുമാരായ കെ.പി.രാജൻ (വാണിമേൽ), കെ.ടി.വിനോദൻ (വളയം ), മറ്റ് ഉദ്യോഗസ്ഥരായ വി.സി.സുരേന്ദ്രൻ, സജിത്ത് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:
Disaster