പ്ലസ്ടു സന്തോഷം പങ്കിടാൻ ഫിനു ഷറിനെത്തി; ഹൃദയം നൽകിയ വിഷ്ണുവിന്റെ വീട്ടിൽ




കോഴിക്കോട്: മാറ്റിവെച്ച ഹൃദയവുമായി പ്ലസ്ടു വിജയത്തിന്റെ മധുരം പങ്കുവെയ്ക്കാൻ ഫിനു ഷറിൻ എത്തി. തനിക്ക് ഹൃദയം നൽകിയ വിഷ്ണുവിന്റെ വീട്ടിൽ. വീട്ടിലെത്തിയ ഫിനു ഷറിനെയും കുടുംബത്തെയും വിഷ്ണുവിന്റെ പിതാവ് സുനിൽ, അമ്മ ബീന സഹോദരി ലക്ഷ്മി എന്നിവർ സ്വീകരിച്ചു.

ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് മികച്ച വിജയമാണ് ഫിനു ഷറിൻ നേടിയത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഫിനു ഷറിന് ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയത്. ഹൃദയം മാറ്റിവെയ്ക്കുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല. പൊതുപ്രവർത്തകനായ സലീം മടവൂർ ചെയർമാനും മുസ്തഫ നുസരി വർക്കിംഗ് ചെയർമാനും എം.എം ഹബീബ് കൺവീനറും എൻ.കെ.സി ബഷീർ ട്രഷററുമായി ചികിത്സാ കമ്മിറ്റി രൂപീകരിക്കുകയും ചികിത്സയ്ക്കായി 56 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചതോടെ ഫിനുവിന് ലഭിച്ചത് പുതുജീവിതമായിരുന്നു.
ഒരു വർഷത്തെ എൻട്രൻസ് പരിശീലനത്തിനു ശേഷം നീറ്റ് പരീക്ഷ വഴി എം.ബി.ബി.എസിനു ചേരാനാണ് ഫിനുവിന്റെ മോഹം. പാലാ ബ്രില്യൻസ് അക്കാഡമി ഫിനു ഹിന് ഒരു വർഷത്തെ കോച്ചിംഗ് പൂർണമായും സൗജന്യമായി നൽകുമെന്ന് ഡയറക്ടർ ജോർജ് തോമസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Previous Post Next Post