അവയവമാറ്റത്തിന് സ്വന്തം സ്ഥാപനം, കോഴിക്കോട്ട് 500 കോടി ചെലവിൽ ആശുപത്രി സ്ഥാപിക്കുന്നു



തിരുവനന്തപുരം: അവയവ മാറ്റശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് നിലവിലെ സംവിധാനത്തിൽ പാളിച്ചകൾ സംഭവിക്കുകയും സ്വകാര്യ ആശുപത്രികൾ രോഗികളെ കൊള്ളയടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനുമാത്രമായി സമഗ്രസംവിധാനങ്ങളോടെ ഒരാശുപത്രി 500 കോടി രൂപ ചെലവഴിച്ച് കോഴിക്കോട്ട് സംസ്ഥാന സർക്കാർ സ്ഥാപിക്കും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ എന്ന പേരിലുള്ള സ്ഥാപനം രാജ്യത്തെ ആദ്യ സംരംഭമാണ്. പോണ്ടിച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (ജിപ്‌മെർ) പ്രൊഫസറായ മലപ്പുറം സ്വദേശി ഡോ.ബിജുപൊറ്റക്കാട് സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം പ്രാരംഭ നടപടികൾക്ക് അനുമതി നൽകി.

കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ രണ്ടേക്കർ സ്ഥലത്ത് പ്രാരംഭ പ്രവർത്തനം ആരംഭിക്കും. കോഴിക്കോട് കുഷ്ഠരോഗാശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലം ഏറ്റെടുക്കും.പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡോ.ബിജു പൊറ്റക്കാടിനെ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കും. ജിപ്‌മെറിൽ ഡോ.ബിജു കൈപ്പറ്റുന്ന സേവന,വേതന വ്യവസ്ഥകൾ നിയമനത്തിൽ പാലിക്കും.


തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന് സമാനമായി, മുഖ്യമന്ത്രി ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർമാനും വിവിധ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായ ഗവേണിംഗ് ബോഡിക്കാകും സ്ഥാപനത്തിന്റെ നിയന്ത്രണം.

അവയവദാന ശസ്ത്രക്രിയയ്ക്കായി രാജ്യത്ത് പ്രവർത്തിക്കുന്ന സോട്ടോയുടെ ഉപവിഭാഗമായി കേരളത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ-സോട്ടോയാണ് (പഴയ മൃതസഞ്ജീവനി) അവയവദാനത്തിന്റെ നടപടികൾ നിലവിൽ ഏകോപിപ്പിക്കുന്നത്.കെ-സോട്ടോയുമായി ചേർന്നാകും ഇൻസ്റ്റിറ്റ്യൂട്ടിൻെറ പ്രവർത്തനം.

കഴിഞ്ഞ മാസം കൊച്ചിയിൽ നിന്നുകൊണ്ടുവന്ന അവയവം തിരുവനന്തപുരം മെഡിക്കൽ കാേളേജിലെ രോഗിയിൽ വച്ചുപിടിപ്പിക്കുന്നതിൽ കാലതാമസം വന്നതായി ആക്ഷേപം ഉയരുകയും രോഗിയുടെ മരണത്തോടെ വിവാദമാവുകയും ചെയ്തിരുന്നു.

സൂപ്പർ സ്പെഷ്യാലിറ്റിക്ക് സമാനം

■ സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയ്ക്ക് സമാനമായ സംവിധാനങ്ങൾ

■ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിദഗ്ദ്ധർ

■ മെഡി. കോളേജുകളിലെ അവയവ മാറ്റത്തിന് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരുടെ മേൽനോട്ടം

അഞ്ചുവർഷത്തെ അവയവദാനം

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മരണാനന്തരം 75 പേരുടെ അവയവങ്ങൾ ദാനം ചെയ്തു. അവയവങ്ങൾ 232. ഓരോവർഷത്തെയും ദാതാക്കളും അവയവങ്ങളും (ബ്രാക്കറ്റിൽ)
  • 2018 -8 (29) 
  • 2019 -19(55) 
  • 2020 -21(70) 
  • 2021 -17(49)
  • 2022(ഇതുവരെ) -10(29)
കെ-സോട്ടോയിൽ വൃക്കയ്ക്ക് രജിസ്റ്റർ ചെയ്തവർ - 2225
  • O-ഗ്രൂപ്പ്......................... 1021
  • A-ഗ്രൂപ്പ്........................... 543
  • B-ഗ്രൂപ്പ്........................... 519
  • AB-ഗ്രൂപ്പ്........................ 142
Previous Post Next Post