
എലത്തൂർ : നഗരത്തിലെ സ്കൂളിൽ ടി.സി.വാങ്ങാൻപോയ ഉള്ളിയേരി സ്വദേശിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ തലക്കുളത്തൂർ പുറക്കാട്ടിരി ബൈത്തുൽ നൂർ ഹൗസിൽ അബ്ദുൾനാസർ (52) ന്റെ കൂട്ടാളികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി സൂചന. ഇതിൽ മൂന്നാളുടെപേരിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഇവരുൾപ്പെടെ അഞ്ചുപേർക്ക് സംഭവവുമായി ബന്ധമുള്ളതായാണ് കണ്ടെത്തൽ.
അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പ്രതികളുടെ പൂർണവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കൂട്ടുപ്രതികളിൽ ഒരാൾ പ്രണയംനടിച്ച് പെൺകുട്ടിയെ മുഖ്യപ്രതിക്ക് പരിചയപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ കൗൺസലിങ് തിങ്കളാഴ്ച പൂർത്തിയായതോടെയാണ് പോലീസിന് നിർണായക തെളിവ് ലഭിച്ചത്. പ്രതികൾ ബെംഗളൂരുവിലുള്ളതായാണ് ഒടുവിൽ പോലീസിന് ലഭിച്ച വിവരം. ഇടയ്ക്കിടെ ഫോൺ സ്വിച്ച് ഓഫ് ആവുന്നതിനാൽ താവളം കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ല.
പ്രായപൂർത്തിയാവാത്ത കൂടുതൽ കുട്ടികൾ ഇവരുടെ വലയിൽ കുരുങ്ങിയതായുള്ള സംശയമുള്ളതിനാൽ അതീവജാഗ്രതയോടെയാണ് പോലീസ് കേസന്വേഷണവുമായി നീങ്ങുന്നത്. പുറക്കാട്ടിരിയിലെ അമ്മയുടെ വീട്ടിൽനിന്ന് ജൂലായ് ആറിന് സ്കൂളിലേക്കുപോയ പെൺകുട്ടിയെ കാറിൽ കടത്തികൊണ്ടുപോയ അബ്ദുൾനാസറിനെ സഹായിച്ചവരാണ് ഇവരെല്ലാവരും. പാലോറമലയും പരിസരവും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരും നേരത്തേ ക്രിമിനൽ കേസിൽപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.
കഴിഞ്ഞദിവസം കർണാടകയിലെ രാമനഗരം ജില്ലയിലെ ചന്നപട്ടണത്തിനടുത്തുനിന്നാണ് മുഖ്യപ്രതി പിടിയിലായത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസും ഇവരുടെപേരിലുണ്ട്. ടൗൺ അസി. കമ്മിഷണർ പി. ബിജുരാജാണ് കേസ് അന്വേഷിക്കുന്നത്.
Tags:
Crime