ഭൂമി ഏറ്റെടുക്കൽ നാലുമാസത്തിനകം പൂർത്തിയാക്കും -മുഖ്യമന്ത്രി




കൊണ്ടോട്ടി : കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ നാലുമാസത്തിനകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ ധാരണപ്രകാരം റൺവേ വികസനത്തിനായി 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക.

മുഖ്യമന്ത്രി മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാൻ, ചീഫ് സെക്രട്ടറി വി.പി. ജോയി എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ധാരണയായത്. വിമാനത്താവള റൺവേ വികസനത്തിന് വ്യോമയാന മന്ത്രാലയം അംഗീകാരം നൽകി. വിമാനത്താവളത്തിനായി 18.5 ഏക്കർ ഏറ്റെടുക്കാനായിരുന്നു നേരത്തേ വ്യോമയാന മന്ത്രാലയം നിർദേശം നൽകിയത്.
എന്നാൽ ഇവിടെ നൂറ്റെൺപതോളം വീടുകൾ ഒഴിപ്പിക്കേണ്ടിവരുമായിരുന്നു. ശ്‌മശാനവും കാലിക്കറ്റ് സർവകലാശാലയിലേക്കു പോകുന്ന റോഡും ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യം കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സംസ്ഥാനം അറിയിച്ചു. തുടർന്ന് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് വ്യോമയാന മന്ത്രാലയം അനുമതി നൽകുകയായിരുന്നു.

പള്ളിക്കൽ വില്ലേജിലെ ഏഴേക്കറും നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളും കൂടുതൽ വിമാനങ്ങളും ഇറങ്ങുന്നതിനുള്ള സൗകര്യം ഒരുക്കാൻ റൺവേ വികസനം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്.


കഴിഞ്ഞ മൂന്നുമാസത്തിനിടെ വിഷയത്തിൽ സംസ്ഥാന സർക്കാർ സജീവമായി ഇടപെടുന്നുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാൻ, എം.പി.മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ വിളിച്ചുചേർത്തിരുന്നു.

സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയങ്ങൾ പരിഹരിക്കാനും യോഗങ്ങൾ ചേർന്നിരുന്നു. തുടർന്നാണ് കൂടുതൽ പ്രായോഗികമായ തരത്തിൽ ഭൂമി ഏറ്റെടുക്കാൻ അവസരമൊരുങ്ങിയത്.
Previous Post Next Post