കേരള എക്‌സ്‌പ്രസ് അഞ്ച് മണിക്കൂ‍ര്‍ വൈകിയോടുന്നു:വെള്ളവും ഭക്ഷണവും കിട്ടാതെ യാത്രക്കാ‍ര്‍ ദുരിതത്തിലായി




മുംബൈ: ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള കേരള ഏക്സ്പ്രസ്സ് അഞ്ച് മണിക്കൂ‍ര്‍ വൈകിയോടുന്നു. മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും ഇടയിൽ മണിക്കൂറുകളാണ് ട്രെയിൻ പിടിച്ചിട്ടത്. ബുധനാഴ്ച ന്യൂഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിനിനാണ് ഈ ദുരവസ്ഥ. തീ‍ര്‍ത്തും ദുരിതയാത്രയാണെന്നും ശുചിമുറികളിൽ ആവശ്യത്തിന് വെള്ളമില്ലെന്നും ഏറെ വൈകിയാണ് ഭക്ഷണം നൽകിയതെന്നും യാത്രക്കാ‍‍ര്‍ പരാതിപ്പെടുന്നു.
പ്രശ്നങ്ങൾ യാത്രക്കാര്‍ റെയിൽവേ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതിയുണ്ട്. എന്നാൽ ദുരിതയാത്രയെക്കുറിച്ചുള്ള പരാതികൾ റെയിൽവേ നിഷേധിച്ചു. യാത്രക്കാ‍ര്‍ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഇപ്പോൾ വൈകിയോടുന്ന ട്രെയിൻ വരും മണിക്കൂറുകളിൽ ആ സമയക്രമം വീണ്ടെടുക്കുമെന്നും റെയിൽവേ അറിയിച്ചു.


നാഗ്പൂ‍ര്‍ വരെ ഏതാണ്ട് കൃത്യമായി സമയക്രമം പാലിച്ച് ഓടിയ ട്രെയിൻ അവിടെ നിന്നങ്ങോട്ടാണ് വൈകിയത്. ആന്ധ്രപ്രദേശിലെ ആളില്ലാത്ത റെയിൽവേ സ്റ്റേഷനുകളിലും മറ്റും മണിക്കൂറുകളോളം ട്രെയിൻ പിടിച്ചിട്ടുവെന്ന് യാത്രക്കാ‍ര്‍ പരാതിപ്പെടുന്നു. പുല‍ര്‍ച്ചെ 5.50 ചിറ്റൂരിൽ എത്തേണ്ട ട്രെയിൻ അഞ്ച് മണിക്കൂ‍ര്‍ വൈകി10.50-ന് ആണ് അവിടെ എത്തിയിട്ടുള്ളത്. ടൈംടേബിൾ അനുസരിച്ച് ഉച്ചയ്ക്ക് 1.52-ന് ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ എത്തേണ്ടതാണെങ്കിലും നിലവിലെ വൈകിയോട്ടം കണക്കിലെടുത്ത് വൈകിട്ട് ആറ് മണിയോടെ മാത്രമേ കേരള എക്സ്പ്രസ് കേരളത്തിലെ ആദ്യത്തെ സ്റ്റേഷനിൽ എത്തൂ.
Previous Post Next Post