രാത്രിയില്‍ വഴിയില്‍ വണ്ടിയിട്ടാല്‍ ബാറ്ററി അടിച്ചോണ്ടു പോകും; ജനങ്ങള്‍ പ്രതിഷേധത്തില്‍




വയനാട്: വയനാട് അന്പലവയലിൽ വാഹനങ്ങളിലെ ബാറ്ററി മോഷണം പതിവാകുന്നു. റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികളാണ് രാത്രി സമയങ്ങളിൽ മോഷ്ടാക്കൾ കവരുന്നത്. എടക്കൽ ഗുഹയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി നിർത്തിയിട്ട ടിപ്പർ ലോറിയുടെ ബാറ്ററിയും മോഷണം പോയി. എടക്കൽ സ്വദേശി ഷുക്കൂറിന്‍റെ ടിപ്പർ ലോറിയുടെ ബാറ്ററിയാണ് ഏറ്റവുമൊടുവില്‍ നഷ്ടപ്പെട്ടത്. രാവിലെ എത്തിയപ്പോഴാണ് ബാറ്ററി മോഷണം പോയതായി അറിയുന്നത്.
സമീപത്ത് ഉണ്ടായിരുന്ന ഗുഡ്സ് വാഹനത്തിന്‍റെ ബാറ്ററിയും മോഷ്ടാക്കൾ കവർന്നു. ഇവിടെ ബാറ്ററി മോഷണം പതിവ് സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ചക്കിടെ പത്തിലേറെ വാഹനങ്ങളിലെ ബാറ്ററി നഷ്ടമായി. വീടുകളിലേക്ക് വാഹനം കയറ്റാൻ സൗകര്യമില്ലാത്തതിനാൽ റോഡരികിൽ പാർക്ക് ചെയ്ത് പോകുന്നവരുടെ വണ്ടികളുടെ ബാറ്ററിയാണ് രാത്രിയുടെ മറവിൽ കവരുന്നത്. അന്പലവയൽ പൊലീസിൽ പരാതി നൽകിയിട്ടും മോഷണം തുടരുന്നതിനാൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

മോഷ്ടാക്കളെ എത്രയും വേഗം പിടികൂടണമെന്നാണ് ആവശ്യം. സമീപപ്രദേശങ്ങളായ മേപ്പാടി, അന്പൂത്തി, ആയിരംകൊല്ലി എന്നിവിടങ്ങളിലും ഇത്തരത്തിൽ ബാറ്ററികൾ നഷ്ടമായിട്ടുണ്ട്. എടക്കൽ ഗുഹ കാണാനെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങളിലും മോഷണം നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.


അന്പലവയൽ എസ്ഐ കെ സോബിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താൻ ഊർജിത തെരച്ചിൽ നടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സമീപത്തെ കടകളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Previous Post Next Post