തിരുവമ്പാടി:റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും വ്യാജ നിയമന ഉത്തരവു നൽകിയും അഞ്ഞൂറിലധികം പേരിൽ നിന്നായി കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി എടപ്പാൾ വട്ടംകുളം സ്വദേശിനി അശ്വതി വാരിയർ (36) പിടിയിൽ. കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന വാടകവീട്ടിൽ നിന്നാണു മുക്കം ഇൻസ്പെക്ടർ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കൂട്ടുപ്രതികളായ എം.കെ.ഷിജു, കെ.പി.ഷിജിൻ, എം.എം.ബാബു മോൻ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അശ്വതിയാണു തട്ടിപ്പിന്റെ മുഖ്യകണ്ണി എന്നു പൊലീസ് പറഞ്ഞു. മറ്റു പ്രതികളെ തട്ടിപ്പിൽ കണ്ണി ചേർത്തതും അശ്വതി തന്നെ. ബന്ധുക്കളോ സുഹൃത്തുക്കളോ ആയ ഒട്ടേറെ പേർ പിന്നീടു ജോലി വാഗ്ദാനം വിശ്വസിച്ചു തട്ടിപ്പുശൃംഖലയിൽ കണ്ണിയാവുകയും വൻതുക നൽകുകയും ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിലും ചെന്നൈ, ബെംഗളൂരു നഗരങ്ങളിലുമായി അഞ്ഞൂറിലധികം പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നു പൊലീസ് പറയുന്നു.
രണ്ടര ലക്ഷം രൂപ മുതൽ എട്ടു ലക്ഷം വരെ നൽകിയവരുണ്ട്. അശ്വതിയാണു പണം വാങ്ങി വ്യാജ നിയമന ഉത്തരവു നൽകിയത്. കോവിഡിന്റെ മറവിൽ ഓൺലൈൻ ജോലി നൽകുന്നതായി വിശ്വസിപ്പിച്ചാണു തട്ടിപ്പു നടത്തിയിരുന്നത്. തൽക്കാലം വീട്ടിലിരുന്ന് ഓൺലൈനായി ജോലി ചെയ്താൽ മതി എന്നു പറഞ്ഞതു പലരും വിശ്വസിച്ചു. ചിലർക്ക് ഏതാനും മാസം ശമ്പളം നൽകുകയും ചെയ്തു. അതോടെ തട്ടിപ്പുസംഘത്തെ വിശ്വസിച്ചു കൂടുതലാളുകൾ പണം നൽകി.
ആറു മാസം കഴിഞ്ഞും സ്ഥിരനിയമനം ലഭിക്കാതിരിക്കുകയും ശമ്പളം മുടങ്ങുകയും ചെയ്തതോടെയാണു തട്ടിപ്പു പുറത്തായത്. ‘വ്യാജ ജോലി’ നൽകിയവരുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി അതിൽ വിവരങ്ങൾ കൈമാറിയാണ് അശ്വതി തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് പുറത്തറിയുമ്പോൾ ഈ ഗ്രൂപ്പിൽ നാനൂറിലധികം അംഗങ്ങൾ ഉണ്ടായിരുന്നു. മറ്റു ജില്ലകളിലെ പരാതികൾ കൂടി പരിശോധിച്ച് കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് പറഞ്ഞു.
Tags:
Crime