ഹാരിസിന്‍റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്തും



കോഴിക്കോട്: നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ ബിസിനസ് പങ്കാളി ഹാരിസിന്‍റെ മൃതദേഹം വ്യാഴാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം നടത്തും. വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെ വീണ്ടും പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുറത്തെടുക്കും. നിലമ്പൂർ ഡിവൈഎസ് പി സാജു.കെ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മേൽനോട്ടം വഹിക്കും.
ഹാരിസിനെ ഷൈബിൻ അഷ്റഫ് കൊലപ്പെടുത്തിയതാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. ബന്ധുക്കളുടെ ഹർജിയിൽ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താൻ നിലമ്പൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് അനുമതി നൽകിയിരുന്നു.

2019 ആഗസ്ത് ഒന്നിനാണ് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത്. ഒന്നേകാൽ വർഷത്തോളം വീട്ടിൽ തടങ്കലിലാക്കി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫസ്നയ്ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് സംശയിക്കുന്നു.


മുഖ്യപ്രതി ഷൈബിൻ അഷറഫിന്റെ നിർദേശപ്രകാരം മൈസൂരുവിൽനിന്ന് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന ചന്തക്കുന്ന് പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), വണ്ടൂർ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് (28) എന്നിവരെ ഷൈബിന്റെ മുക്കട്ടയിലെ ആഡംബര വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ഒറ്റമൂലി ചികിത്സ നടത്തുന്ന ഷാബാ ഷെരീഫിനെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടു വന്ന് ഒന്നേ കാൽ വർഷം മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ ചങ്ങലയ്ക്കിട്ട് തടവിൽ പാർപ്പിച്ചശേഷം കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽത്തള്ളിയതാണ് കേസിന് ആസ്പദമായ സംഭവം. കേസിൽ 12 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഷെരീഫിനെ തട്ടിക്കൊണ്ടുവരാനുള്ള ഗൂഢാലോചന നടത്തിയത് ഷെബിന്‍റെ വീട്ടിൽവച്ചായിരുന്നു.


ഇതിൽ പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ള പ്രതികൾ, ഗൂഢാലോചന നടത്തിയ സ്ഥലവും തട്ടിക്കൊണ്ടുവരാൻ ഉപയോഗിച്ച വാഹനവും പ്രതികൾ പൊലീസിന് കാണിച്ചുകൊടുത്തു. കസ്റ്റഡിയിലെടുത്ത ഓഡി ക്യൂ 7 കാർ തൊണ്ടിമുതലായി പൊലീസ് കൊണ്ടുപോയി.

ഷാബാ ഷെരീഫിനെ ചികിത്സക്കെന്ന വ്യാജേനെ മൈസൂരുവിലെ വീട്ടിൽനിന്ന് ബൈക്കിലാണ് തട്ടിക്കൊണ്ടുവന്നത്. തുടർന്ന് ഓഡി ക്യൂ 7 കാറിലും നേരത്തെ പിടിയിലായ അജ്മലിന്റെ പേരിലുള്ള മാരുതി എക്കോ വാനിലുമായി ഷൈബിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഷൈബിന്റെ സഹായി റിട്ടയർഡ് എസ്ഐ സുന്ദരൻ ഉൾപ്പെടെ മൂന്ന് പേരാണ് ഇപ്പോഴും ഒളിവിൽ കഴിയുന്നത്.
Previous Post Next Post