കോഴിക്കോട്: കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ ഒന്നാം പ്രതി തടിയന്‍റവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ എൻഐഎ സുപ്രീം കോടതിയെ സമീപിച്ചു. സ്ഫോടനത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. എൻഐഎയുടെ അപ്പീൽ സെപ്റ്റംബർ 12 ന് പരിഗണിക്കാൻ ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
2006 ലാണ് കോഴിക്കോട് മൊഫ്യൂസിൾ ബസ്റ്റാന്‍റിലും കെഎസ്ആർടിസി സ്റ്റാന്റിലും സ്ഫോടനം നടക്കുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികളുടെ അപ്പീൽ ഹർജിയും, എൻ ഐ എ ഹർജിയിലും വാദം കേട്ട ശേഷമാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരുടെ ആവശ്യം.
കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്. ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2011 ലാണ് പ്രതികൾ ശിക്ഷ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.