പ്രിയം സ്കൂട്ടറുകൾ; മോഷണം പതിവാക്കിയ കുട്ടിക്കള്ളൻ കോഴിക്കോട് പിടിയിൽ, തെളിവായത് ഇരുപതിലധികം കേസുകൾക്ക്കോഴിക്കോട്: കോഴിക്കോട് നിരവധി മോഷണങ്ങൾ നടത്തിയ കുട്ടിക്കള്ളൻ ഒടുവിൽ പൊലീസ് വലയിൽ. കരുവിശ്ശേരി സ്വദേശിയെയാണ് പൊലീസ് പിടികൂടി‌ത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഒട്ടേറെ ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് കുട്ടിക്കള്ളനെന്ന് പൊലീസ് പറഞ്ഞു. പുതിയറ, എലത്തൂർ, അത്തോളി, കാക്കൂർ, പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാത്രം നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ ഡോ. ശ്രീനിവാസ് ഐ പി എ സി ൻ്റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്തീരങ്കാവ് ഇൻസ്പെക്ടർ ഗണേശൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ധനഞ്ജയദാസും ചേർന്നാണ് കുട്ടിക്കള്ളനെ കുടുക്കിയത്.
ആക്റ്റീവ, ആക്സസ് സ്കൂട്ടറുകളാണ് പ്രധാനമായി മോഷ്ടിച്ചിരുന്നത്. കുറച്ചുനാൾ ഉപയോഗിച്ചശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണ് രീതിയെന്നും കൂടാതെ മോഷണം നടത്തിയ വാഹനങ്ങളുമായി കറങ്ങി നടന്ന് കടകളിൽ മോഷണം നടത്തുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. കൽപറ്റയിൽ നിന്നും മോഷണം നടത്തിയ ആക്സസ്, അത്തോളിയിൽ നിന്നും മോഷണം നടത്തിയ ഹീറോ ഹോണ്ട പാഷൻ, ആക്ടീവ, കാക്കൂരിൽ നിന്നും മോഷണം നടത്തിയ ഹീറോ ഹോണ്ട പാഷൻ, ആക്ടീവ, പുതിയറ ഭാഗത്തു നിന്നും മോഷണം നടത്തിയ ആക്സസ് കൂടാതെ ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ, ഇരുമ്പ് സാധനങ്ങൾ, കല്പറ്റയിലെ ആക്രിക്കട, കോഴിക്കട, വയനാട് പിണങ്ങോടുള്ള ഇൻഷ മൊബൈൽ ഷോപ്പിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപ വരുന്ന മൊബൈൽ ഫോണുകൾ, പവർ ബാങ്ക് , ചുണ്ടേലുളള ട്വൻറി ഫോർ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ മോഷണം നടത്തിയതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു.


കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹൈലൈറ്റ് മാളിന് പരിസരത്തു നിന്നും സ്കൂട്ടർ മോഷണം പോയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അമിതമായ ലഹരിക്ക് അടിമയായ കുട്ടിക്ക് ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി ഫോൺ രേഖകളിൽ നിന്നും വ്യക്തമായി. മോഷണങ്ങൾക്കും ലഹരിക്കും വേണ്ടി റോബറി ഗ്രൂപ്പ് എന്ന പ്രത്യേക പേരിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് തന്നെയുണ്ടെന്ന് ഫോൺ പരിശോധിച്ച പൊലീസിന് മനസ്സിലായിട്ടുണ്ട്. ഈ സംഘങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ കെ അർജുൻ, രാകേഷ് ചൈതന്യം, സബീഷ് എന്നിവരാണുണ്ടായിരുന്നത്.
Post a Comment (0)
Previous Post Next Post