താമരശേരി: ചുരത്തിലെ കുരുക്കഴിക്കാൻ താൽക്കാലി സംവിധാനമൊരുക്കും. എൻജിൻ തകരാറായി കുടുങ്ങുന്ന വാഹനങ്ങൾ എടുത്തുമാറ്റാൻ ലക്കിടിയിൽ ക്രെയിൻ സംവിധാനമൊരുക്കും. സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട്–-കോഴിക്കോട് കലക്ടർമാർ നടത്തിയ ടെലഫോൺ ചർച്ചയിലാണ് തീരുമാനം. അടിവാരത്തും ക്രെയിൻ സൗകര്യമൊരുക്കും.
ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വയനാട് കലക്ടർ എ ഗീതയോട് നേരിട്ടും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ജില്ലയിലെയും കലക്ടർമാർ ചർച്ച നടത്തിയത്.
ചുരത്തിൽ വാഹനങ്ങൾ കേടാവുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് മാറ്റാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടതെന്ന് കലക്ടർ എ ഗീത പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ലക്കിടിയിൽ ക്രെയിൻ സൗകര്യം ഒരുക്കുന്നത്. എവിടെനിന്നാണോ ക്രെയിൻ എത്തിക്കാൻ എളുപ്പമെന്ന് നോക്കി എത്രയും പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് രണ്ടുഭാഗത്തും ചുരം അതിർത്തിയിൽ ക്രെയിൻ സൗകര്യം ഒരുക്കുന്നത്. എത്രയും പെട്ടെന്ന് ഇത് സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് കലക്ടർ എ ഗീത പറഞ്ഞു.
തിങ്കളാഴ്‌ച പുലർച്ചെ മുതൽ വൻ കുരുക്കാണ് ചുരത്തിൽ ഉണ്ടായത്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങി. എട്ടാം വളവിൽ കുടുങ്ങിയ ലോറി നീക്കാൻ ക്രെയിൻ എത്താൻ വൈകിയതാണ് കുരുക്ക് രൂക്ഷമാക്കിയത്.
A permanent crane to Remove traffic block in Churam
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.