സിഎച്ച് ഫ്ലൈ ഓവർ അറ്റകുറ്റപ്പണി; 64 വ്യാപാരികൾ കൂട്ടത്തോടെ കട മുറി ഒഴിഞ്ഞു




കോഴിക്കോട്: പുതുക്കിപ്പണിയുന്ന സിഎച്ച് ഫ്ലൈ ഓവറിന് അടിയിലെ 64 വ്യാപാരികൾ ഇന്നലെ കൂട്ടത്തോടെ കടമുറികൾ ഒഴിഞ്ഞു. ഇന്ന് കോർപറേഷനു മുറികളുടെ താക്കോൽ സമർപ്പിക്കും. 6 മാസത്തെ അറ്റകുറ്റപ്പണികൾക്കു ശേഷം മുറികൾ വ്യാപാരികൾക്ക് തിരിച്ചു നൽകുമെന്ന കോർപറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കരാറിന്റെ അടിസ്ഥാനത്തിലാണു കടമുറികൾ ഒഴിയുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
40 വർഷം മുൻപ് നിർമിച്ച സിഎച്ച് ഫ്ലൈ ഓവറിന് ബലക്ഷയം ഉണ്ടെന്നു കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. പാലം പരിശോധിച്ചതിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്തു വകുപ്പു പാലത്തിനടിയിലെ കടമുറികൾ ഒഴിയാൻ കോർപറേഷനു കഴിഞ്ഞ വർഷം നിർദേശം നൽകിയത്.

പ്രവൃത്തി ശേഷം മുറികൾ തിരിച്ചു തരണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടെങ്കിലും കോർപറേഷനിൽ നിന്ന് അനുകൂല മറുപടി ഉണ്ടായില്ല. ഒടുവിൽ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായ വിധി നേടി. തുടർന്ന് പൊതുമരാമത്ത് വകുപ്പ്, കോർപറേഷൻ ഉദ്യോഗസ്ഥർ, വ്യാപാരികൾ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു കടമുറികൾ ഒഴിയാൻ വ്യാപാരികൾ തയാറായത്.


3.6 കോടി രൂപ ചെലവിൽ മുംബൈ എസ്എസ്പിഐ സ്ഥാപനമാണ് മേൽപാലത്തിന്റെ സ്പാൻ, പില്ലർ, ഗ്രിഡ് എന്നിവയിൽ കാഥോഡ് പ്രൊട്ടക്‌ഷൻ സംവിധാനത്തിൽ അറ്റകുറ്റപ്പണി നടത്തുന്നത്. വ്യാപാരികൾ പൂർണമായും ഒഴിഞ്ഞാൽ കോർപറേഷൻ 10 ദിവസത്തിനകം കടമുറികൾ മുഴുവൻ പൊളിച്ചു നീക്കി പാലം എസ്എസ്പിഐക്ക് കൈമാറും. 6 മാസത്തിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തീകരിക്കാൻ കഴിയുമെന്ന് എസ്എസ്പിഐ സോണൽ മാനേജർ അറിയിച്ചു.

CH flyover maintenance; 64 traders left the shop in droves
Previous Post Next Post