നിലവിളികൾ കേട്ട് നിസഹായരായി നിന്ന് ദൃക്‌സാക്ഷികൾ; സംഭവത്തിൽ ഞെട്ടൽ മാറാതെ നഗരം



കണ്ണൂർ: പൂർണഗർഭിണിയടക്കം രണ്ടുപേർ നടുറോഡിൽ വെന്തു മരിച്ചത് കണ്ട ഞെട്ടലിലാണ് ദൃക്‌സാക്ഷികൾ. കണ്ണൂരിൽ ആണ് ഹൃദയം നുറുക്കുന്ന സംഭവം ഉണ്ടായത്.

ഓടുന്ന കാറിന് തീപിടിച്ച് കത്തിയമരുമ്പോള്‍ മുന്‍സീറ്റിലിരുന്ന ഇരുവരും രക്ഷിക്കണേയെന്ന് കൈ ഉയര്‍ത്തി നിലവിളിച്ചതായി സംഭവത്തിന്റെ ദൃക്‌സാക്ഷികൾ പറയുന്നു.

എന്നാല്‍ കാറില്‍ തീ ആളിപ്പടര്‍ന്നതിനായി നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രമാണ് ഇവര്‍ക്ക് കഴിഞ്ഞത്. കാറിന് പിന്നാലെയെത്തിയ ബൈക്കിലുണ്ടായിരുന്നവരാണ് സംഭവം ആദ്യം കണ്ടത്. ഇവരാണ് പിന്‍സീറ്റിലുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തിയത്. രാവിലെ കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപം വെച്ചായിരുന്നു അപകടം.
കുറ്റ്യാട്ടൂര്‍ സ്വദേശിനി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇതോടെ മരിക്കും മുമ്പ് പ്രജിത്ത് പിന്‍ഡോര്‍ തുറന്നു നല്‍കിയതുകൊണ്ടാണ് പിന്‍സീറ്റിലിരുന്ന നാല് പേരുടെ ജീവന്‍ രക്ഷപ്പെട്ടത്. മറിച്ചായിരുന്നെങ്കിൽ വലിയൊരു ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു. ഒരു പുരുഷനും രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമായിരുന്നു പിന്‍സീറ്റിലുണ്ടായത്. ഒപ്പമുണ്ടായിരുന്നവരെ സുരക്ഷിതരാക്കിയെങ്കിലും സ്വന്തം ജീവനും ഗര്‍ഭിണിയായ ഭാര്യയെയും രക്ഷിക്കാന്‍ പ്രജിത്തിന് കഴിഞ്ഞില്ല.


തീ ആളിപ്പടര്‍ന്നതോടെ മുന്‍വശത്തെ വാതിലുകള്‍ ലോക്കായി. ഇരുവരെയും വലിച്ച് ഇറക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കത്തുന്ന കാറിനുള്ളില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. മണ്ണും സമീപത്ത് നിന്ന് ലഭിച്ച വെള്ളവുമൊഴിച്ച് പരമാവധി ശ്രമിച്ചിട്ടും ഇരുവരും കത്തിയമരുന്നത് നാട്ടുകാര്‍ക്ക് കണ്ട് നില്‍ക്കേണ്ടി വന്നു. സമീപത്തുണ്ടായിരുന്ന ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച മാരുതി എക്‌സ്പ്രസോ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

ആശുപത്രിയിൽ എത്തുന്നതിനു തൊട്ടുമുൻപാണ് കാർ കത്തിയത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് നിഗമനം. കാറിന് രണ്ടുവർഷത്തെ പഴക്കമുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് കണ്ണൂർ എസ്പി അറിയിച്ചു.



ആരെയും കണ്ണു നനയിപ്പിക്കുന്ന ആ രംഗം😓👇


Eyewitnesses stood helpless hearing the screams
Previous Post Next Post