എടച്ചേരി തലായിയില്‍ ബസില്‍ നിന്ന് യുവതികള്‍ തെറിച്ച് വീണ് പരിക്കേറ്റ സംഭവം; ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി



നാദാപുരം : എടച്ചേരി തലായിയില്‍ ഓടികൊണ്ടിരിക്കെ സ്വകാര്യ ബസില്‍ നിന്ന് മൂന്ന് യുവതികള്‍ തെറിച്ച് വീണ് പരിക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദുചെയ്യുകയും ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ വടകര ആര്‍ടിഒയ്ക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തു. ആര്‍ടിഒയുടെ നിര്‍ദ്ദേശ പ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി.റിയാസും സംഘവുമാണ് ബസില്‍ പരിശോധന നടത്തിയത്.
എടച്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ള ബസ് പരിശോധിച്ച ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസില്‍ നടത്തിയ പരിശോധനയില്‍ വേഗനിയന്ത്രണ പൂട്ടില്ലെന്നും സ്പീഡോ മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് വടകര തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന പി.പി.ബസില്‍ നിന്ന് പുറമേരി സ്വദേശികളായ ഇരട്ട സഹോദരികള്‍ ഉള്‍പ്പെടെ മൂന്ന് യുവതികള്‍ പുറത്തേക്ക് തെറിച്ച് വീണത്. അപകടത്തില്‍ യുവതികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.

The fitness of the bus has been cancelled
Previous Post Next Post